രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സംഘർഷത്തിന് വിരാമമിടാൻ ലക്ഷ്യമിട്ട് നിർണായക നീക്കം.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ സമ്മതം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട
ചർച്ചകൾ അടുത്ത മാസം ആരംഭിക്കുമെന്നാണ് ഔദ്യോഗിക വിവരം. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുടിന്റെ ഈ തീരുമാനം.
ഇരു നേതാക്കളും തമ്മിൽ നടന്ന ഒൻപതാമത് ചർച്ചയിലാണ് യുക്രെയ്ൻ യുദ്ധം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾക്ക് ധാരണയായത്. മൂന്ന് മണിക്കൂറോളം നീണ്ട
ചർച്ചകൾക്കൊപ്പമാണ് സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടായത്. സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള റഷ്യയുടെ സൗഹൃദ നീക്കമെന്നോണം, റഷ്യയിൽ തടവിലാക്കപ്പെട്ടിരുന്ന അമേരിക്കൻ പൗരനും അധ്യാപകനുമായ സ്റ്റീഫൻ ഹബ്ബാർഡിനെ മോചിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു സ്റ്റീഫൻ ഹബ്ബാർഡിൻ്റെ മോചനം. യുക്രെയ്ൻ യുദ്ധം 24 മണിക്കൂറിൽ അവസാനിപ്പിക്കുമെന്ന് തൻ്റെ തെരഞ്ഞെടുപ്പ് സമയത്ത് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് കാര്യങ്ങൾ സമാധാന ചർച്ചകളിലേക്ക് വഴിമാറുന്നത്. റഷ്യയും യുക്രെയ്നും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തുന്ന സമാധാന ചർച്ചകൾക്ക് അബുദാബി വേദിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നവംബർ 10-നോ അതിന് ശേഷമോ ചർച്ചകൾ പുനരാരംഭിച്ചേക്കും. കഴിഞ്ഞ ദിവസം ഓസ്ലോയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി, ഫിൻലൻ്റ്, നോർവേ രാജ്യങ്ങളിലെ നേതാക്കളും യൂറോപ്യൻ യൂണിയൻ്റെയും നാറ്റോയുടെയും പ്രതിനിധികളും സ്റ്റീഫ് വിറ്റ്കോഫുമായി ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ യുക്രെയ്ൻ മുന്നോട്ടുവെക്കുകയും, പിന്നീട് ഈ നിർദേശങ്ങൾ സ്റ്റീവ് വിറ്റ്കോഫ് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കുവെക്കുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

