കർണാടകയിലെ കുടക് സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് നാലു വയസ്സുകാരിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. സിദ്ധാപുർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന വിജേഷ് (36), ഭാര്യ പമിത (34), മകൾ ലിയ (4) എന്നിവരാണു മരിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. സിദ്ധാപുർ ബദഗ ബനംഗലയിലെ എസ്റ്റേറ്റിൽ ജോലിക്കാരാണ് വിജേഷും പമിതയും.
ജോലി കഴിഞ്ഞ് ഇവർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിൽ കുടുങ്ങിയ മൂവരും മുങ്ങിമരിക്കുകയായിരുന്നു.
വർഷങ്ങൾക്കു മുൻപ് കുടകിൽ താമസമാക്കിയ വിജേഷ് മലയാളിയാണെന്നാണു പ്രാഥമിക വിവരം. എന്നാൽ ഇവർ കേരളത്തിൽ എവിടെയാണെന്നതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടം നടന്നത് രാത്രിയായതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. തുടർന്ന് ഇന്നലെ രാവിലെ പ്രദേശത്തെ തോട്ടംതൊഴിലാളികൾ തടാകത്തിൽ കാർ കണ്ട് വിവരമറിയിക്കുകയായിരുന്നു.
കനത്ത മൂടൽമഞ്ഞിൽ റോഡ് വ്യക്തമായി കാണാൻ സാധിക്കാത്തതാണ് അപകട കാരണമെന്നു സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

