യാത്രക്കാരൻ ടിക്കറ്റിനായി നൽകിയ നോട്ട് വായിൽ കടിച്ചുപിടിച്ചതാണെന്ന കണ്ടക്ടറുടെ ആരോപണത്തെത്തുടർന്നുണ്ടായ തർക്കത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ സർവീസ് മുടങ്ങി. കൂത്താട്ടുകുളം ഡിപ്പോയിൽ ഇന്നലെ ഉച്ചയോടെയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്.
യാത്രക്കാരനും കണ്ടക്ടറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ മറ്റ് യാത്രക്കാരും ഇടപെടുകയും കണ്ടക്ടർക്കെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തു. ഇതിൽ മനംനൊന്ത് വനിതാ കണ്ടക്ടർ ബസിൽ നിന്നും താഴെയിറങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും ജോലി തുടരാൻ സാധിക്കില്ലെന്നും ഡിപ്പോ അധികൃതരെ ഔദ്യോഗികമായി അറിയിച്ച ശേഷം വനിതാ കണ്ടക്ടർ കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ ചെന്ന് ചികിത്സ തേടി.
ഈ അപ്രതീക്ഷിത സംഭവങ്ങളെ തുടർന്നാണ് ബസിന്റെ ട്രിപ്പ് പൂർണ്ണമായി മുടങ്ങിയത്. മറ്റൊരു സംഭവത്തിൽ, വരാപ്പുഴ മേഖലയിൽ കെഎസ്ആർടിസി സർവീസുകൾ മുൻകൂി യാതൊരു അറിയിപ്പുമില്ലാതെ വെട്ടിക്കുറച്ചതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
പ്രിയദർശിനി സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് കണ്ടെയ്നർ റോഡ് വഴിയുള്ള കെഎസ്ആർടിസി സർവീസുകൾ കുറച്ചതെന്നാണ് പ്രധാന ആരോപണം. മുൻകാലങ്ങളിൽ രാവിലെയും വൈകിട്ടും ഉൾപ്പെടെയുള്ള തിരക്കുപിടിച്ച സമയങ്ങളിൽ ഈ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ എറണാകുളം ബോട്ട് ജെട്ടി മുതൽ പറവൂർ, ഗുരുവായൂർ റൂട്ടുകളിലേക്ക് വരെ ബസ് സർവീസുകൾ ലഭ്യമായിരുന്നു.
പറവൂർ ഭാഗത്തുനിന്നും യാത്ര തിരിക്കുന്നവർക്ക് ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ എറണാകുളത്തെ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിച്ചേരുവാൻ ഈ സർവീസുകൾ ഏറെ സഹായകരമായിരുന്നു. പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്ന ഭൂരിഭാഗം വനിതാ യാത്രികരും കെഎസ്ആർടിസി സർവീസുകളിലേക്ക് മാറിയതിനാൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്.
എന്നാൽ യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് കെഎസ്ആർടിസി അധികൃതർ സർവീസുകൾ വെട്ടിക്കുറച്ചതെന്നാണ് യാത്രികരുടെ പ്രധാന പരാതി. മുൻപ് വെറും പത്ത് മിനിറ്റുകളുടെ ഇടവേളകളിൽ ഈ റൂട്ടിൽ സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്, നിലവിൽ തിരക്കേറിയ സമയങ്ങളിൽ പോലും 15 മുതൽ 30 മിനിറ്റ് വരെ കാത്തുനിന്നാൽ മാത്രമാണ് ബസുകൾ എത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്.
രാവിലെ 9.30 മണിക്ക് ശേഷമുള്ള സമയങ്ങളിൽ ഇതിലും ഏറെ നേരം ബസിനായി കാത്തിരിക്കേണ്ട ദുസ്ഥിതിയാണ് നിലവിലുള്ളത്.
അതേസമയം, റൂട്ടിലെ സർവീസുകൾ വെട്ടിക്കുറച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

