ഓഹരി വിപണിയില്‍ ശക്തമായ തുടക്കവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ സേവന വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്. 30,188 കോടി രൂപയുടെ ഐപിഒയിലൂടെ വിപണിയിലെത്തിയ കമ്പനിയുടെ ഓഹരികള്‍ ഇഷ്യു വിലയേക്കാള്‍ ഏകദേശം 21 ശതമാനം നേട്ടത്തിലാണ് ഇന്ന് ലിസ്റ്റ് ചെയ്തത്.
ഐപിഒയ്ക്ക് നിക്ഷേപകരില്‍നിന്ന് റെക്കോര്‍ഡ് പ്രതികരണമാണ് ലഭിച്ചത്. രാവിലെ 10 മണിയോടെ ജിയോ പ്ലാറ്റ്ഫോംസ് ഓഹരികള്‍ 1,357-1,358 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തിയത്.
ഐപിഒയുടെ ഇഷ്യു വിലയായ 1,119 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഓഹരിക്ക് 238.40 രൂപയുടെ നേട്ടമാണുണ്ടായത്. ബിഎസ്ഇയില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇത് 21.30 ശതമാനം വര്‍ധനയാണ്.
മിനിമം ലോട്ട് ആയ 12 പ്രകാരം കണക്കാക്കുമ്പോള്‍ 25,737 രൂപ നിക്ഷേപിച്ച ഒരു നിക്ഷപകന് ഏതാണ്ട് 2890 രൂപക്ക് മുകളില്‍ ലിസ്റ്റിംഗ് നേട്ടം ലഭിക്കും. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 12.50 ലക്ഷം കോടി രൂപയിലെത്തി.
വിപണിമൂല്യത്തില്‍ 15.89 ലക്ഷം കോടി രൂപയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, 12.50 ലക്ഷം കോടി രൂപയുമായി ജിയോ പ്ലാറ്റ്ഫോംസ് രണ്ടാം സ്ഥാനത്താണ്. 12.06 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ഭാരതി എയര്‍ടെല്‍ മൂന്നാം സ്ഥാനത്തുണ്ട്.
വിപണി മൂല്യത്തില്‍ ഇന്ത്യയിലെ പ്രധാന കമ്പനികള്‍:
– റിലയന്‍സ് ഇന്‍ഡസ്ട്രീസ്: 15.89 ലക്ഷം കോടി രൂപ
– ജിയോ പ്ലാറ്റ്ഫോംസ്: 12.50 ലക്ഷം കോടി രൂപ
– ഭാരതി എയര്‍ടെല്‍: 12.06 ലക്ഷം കോടി രൂപ
– എച്ച്ഡിഎഫ്സി ബാങ്ക്: 10.42 ലക്ഷം കോടി രൂപ
– ഐസിഐസിഐ ബാങ്ക്: 9.80 ലക്ഷം കോടി രൂപ
30,188 കോടി രൂപയുടെ ജിയോ പ്ലാറ്റ്ഫോംസ് ഐപിഒക്ക് 22.19 മടങ്ങ് സബ്സ്ക്രിപ്ഷനാണ് ലഭിച്ചത്. അതായത്, നിക്ഷേപകര്‍ അപേക്ഷിച്ച ഓഹരികളുടെ എണ്ണം ലഭ്യമായ ഓഹരികളുടെ എണ്ണത്തിന്റെ 22 മടങ്ങിലധികമായിരുന്നു.
ഏകദേശം 1.3 കോടി അപേക്ഷകളാണ് ഐപിഒയ്ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഒ ആരംഭിച്ച് വെറും 95 മിനിറ്റിനുള്ളില്‍ തന്നെ പൂര്‍ണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
2024-ല്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സമാഹരിച്ച 27,859 കോടി രൂപയെ മറികടന്നതോടെ, സമാഹരിച്ച തുകയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായി ജിയോ പ്ലാറ്റ്ഫോംസിന്റേത് മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

