ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്കു ശേഷം റിലയൻസ് ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്ഫോംസ് ഇന്നു ദലാൽ സ്ട്രീറ്റിൽ അരങ്ങേറ്റം നടത്തും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഒരേസമയം ലിസ്റ്റ് ചെയ്യുന്ന ഓഹരികൾ മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന സൂചനയാണ് ഗ്രേ മാർക്കറ്റ് പ്രീമിയം നൽകുന്നത്.
ഓഹരി അലോട്മെന്റ് ഇന്നലെ പൂർത്തിയായി. ഐപിഒ അലോട്മെന്റ് ലഭിച്ചവർക്ക് 1119 രൂപ നിരക്കിലുള്ള 12 ഓഹരികളുടെ ലോട്ടുകൾ ഇന്നലെ അവരുടെ ഡിമാറ്റ് അക്കൗണ്ടിലെത്തി.
നിലവിലെ ഗ്രേമാർക്കറ്റ് പ്രീമിയം അനുസരിച്ച് 250–260 രൂപ പ്രീമിയത്തിൽ (22%) 1370 രൂപയ്ക്ക് ലിസ്റ്റിങ് നടന്നേക്കുമെന്നാണു സൂചന. ഈ വില നിലവാരത്തിലാണെങ്കിൽ ഒരു ലോട്ട് ലഭിച്ചവർക്ക് 3000 രൂപയോളം നേട്ടം ലിസ്റ്റിങ്ങിൽ ലഭിക്കും.
അതേസമയം ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. ഇന്നു മുതൽ വ്യാപാരം ആരംഭിക്കുകയാണ്.
രാവിലെ 9:00 മുതൽ 9:45 വരെ പ്രീ-ഓപ്പൺ സെഷനും, 10ന് ഔദ്യോഗിക വ്യാപാരവും തുടങ്ങും. ലിസ്റ്റിങ്ങോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണിമൂല്യം ഏകദേശം 12.5 ലക്ഷം കോടി രൂപ കടക്കുമെന്നാണ് വിലയിരുത്തൽ.
ഇതോടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു തൊട്ടുപിന്നിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി ജിയോ മാറിയേക്കാം. വരിക്കാരുടെ എണ്ണം, 5ജി വിന്യാസം, ക്ലൗഡ്-എഐ സാങ്കേതികവിദ്യകളിലെ നിക്ഷേപം തുടങ്ങിയ സാധ്യതകൾ മുൻനിർത്തി ജിയോ ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമെന്ന് ഒട്ടേറെ ആഭ്യന്തര, രാജ്യാന്തര സ്ഥാപനങ്ങൾ വിലയിരുത്തുന്നു.
ഐപിഒ ലഭിക്കാത്തവർക്ക് ലിസ്റ്റിങ്ങിനുശേഷമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താമെന്നും അവർ നിർദേശിക്കുന്നുണ്ട്. ഇന്നലെ ട്രായ് പുറത്തുവിട്ട
കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം ജിയോയ്ക്ക് 27.13 ലക്ഷം പുതിയ വരിക്കാരെ ലഭിച്ചു. എയർടെലിന് 26.92 ലക്ഷം വരിക്കാരെയും വിഐയ്ക്ക് 5.50 ലക്ഷം വരിക്കാരെയും ബിഎസ്എൻഎലിന് 6.26 ലക്ഷം വരിക്കാരെയുമാണ് ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

