ജറുസലം നഗരത്തിൽ 74 ശതമാനം പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിനും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ആകെ 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ ആണ് വേണ്ടത്.
രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ കണക്കുകൾ പ്രകാരം, ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52 മുതൽ 53 സീറ്റുകൾ വരെ ലഭിച്ചേക്കാം.
അതേസമയം, ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യം 50 സീറ്റുകൾ വരെ നേടുമെന്നുമാണ് വിലയിരുത്തൽ. കൂടാതെ, 17 മുതൽ 18 സീറ്റുകൾ വരെ നേടി അറബ് പാർട്ടികൾ നിർണായക ശക്തികളായി മാറുമെന്നും പ്രവചനങ്ങളുണ്ട്.
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 24 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെന്നും, ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി 22 സീറ്റുകൾ വരെയും നഫ്താലി ബെന്നറ്റിന്റെ ബിയഹാദ് പാർട്ടി 12 സീറ്റുകൾ വരെയും നേടാൻ സാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിൽ നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർത്ഥ്യമായാൽ ഇരുമുന്നണികൾക്കും ഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ വരികയും, പുതിയ സർക്കാർ രൂപീകരണത്തിനായി അറബ് പാർട്ടികളുടെ പിന്തുണ തേടേണ്ട സാഹചര്യമോ അല്ലെങ്കിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്ന അവസ്ഥയോ ഉണ്ടായേക്കാം.
ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലങ്ങൾ നവംബർ ആദ്യവാരത്തോടെ മാത്രമേ പൂർണമായി പുറത്തുവരൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

