പതിനെട്ടുകാരനെയും പിതാവിനെയും സുഹൃത്തിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നരാക്കി പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിലെ മൂന്ന് പ്രതികളെ കൊൽക്കത്ത പൊലീസ് ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാൽ പ്രതികളുടെ മേൽക്കുപ്പായം ഊരിമാറ്റി പൊതുവഴിയിലൂടെ പരസ്യമായി നടത്തിച്ച പൊലീസ് നടപടിക്കെതിരെ ബംഗാളിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
തടവിലാക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചു. പ്രതികളെ പൊലീസ് വേഗത്തിൽ പിടികൂടിയത് അഭിനന്ദനാർഹമാണെന്നും എന്നാൽ മേൽക്കുപ്പായമില്ലാതെ അവരെ പൊതുവഴിയിലൂടെ പരേഡ് ചെയ്യിച്ചത് തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമം ഒട്ടും അനുവദിക്കാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പൊലീസ് കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിലാണ് എക്കാലത്തും പേരുകേട്ടിട്ടുള്ളതെന്നും, അല്ലാതെ ഇത്തരം ഫ്യൂഡൽ രീതികൾ നടപ്പിലാക്കുന്നതിലല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം വിമർശിച്ചു.
അതേസമയം, രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങൾ കൊൽക്കത്ത പോലീസ് നിഷേധിച്ചു. വളരെ തിരക്കേറിയ സ്ഥലമായതിനാൽ പ്രതികൾ കസ്റ്റഡിയിൽ നിന്ന് ഓടിപ്പോകാൻ സാധ്യതയുണ്ടായിരുന്നു.
ഷർട്ട് ധരിക്കാത്ത ഒരാൾക്ക് ദൂരെ നിന്ന് നോക്കിയാൽ പോലും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് സുരക്ഷ മുൻനിർത്തി ഇപ്രകാരം ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിയുമായി പതിനെട്ടുകാരനായ യുവാവ് പ്രണയത്തിലായിരുന്നു.
ഇതിനെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഞായറാഴ്ച വൈകിട്ട് പെൺകുട്ടിയെ കാണാൻ യുവാവ് ബസുന്ധര പാർക്ക് പ്രദേശത്ത് എത്തിയപ്പോഴാണ് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെയും സുഹൃത്തിനെയും തടഞ്ഞുവച്ചത്.
തുടർന്ന് യുവാവിന്റെ പിതാവിനെയും ഇവർ ഫോൺ ചെയ്ത് ഇവിടേക്ക് വിളിച്ചുപരുത്തി. ഓൺലൈൻ ഡെലിവറി കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അമ്മാവന്റെ നേതൃത്വത്തിലായിരുന്നു ക്രൂരതകൾ അരങ്ങേറിയത്.
ഇയാൾ യുവാവിനും പിതാവിനും സുഹൃത്തിനും നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കുകയും ഇവരെ ക്രൂരമായി മർദിക്കുകയും ചെയ്തു. സ്വന്തം മകനെ വെടിവച്ചുകൊല്ലാനോ കത്തികൊണ്ട് കുത്തിക്കൊല്ലാനോ പ്രതികൾ പിതാവിനോട് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
ഇതിന് പിതാവ് വിസമ്മതിച്ചതോടെയാണ് മൂവരെയും നിർബന്ധിച്ച് വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നരാക്കി പ്രധാന റോഡിലൂടെ നടത്തിച്ചത്. ‘‘ഇടുങ്ങിയ ഇടവഴികളിലൂടെ പോകാൻ പോലും അവർ ഞങ്ങളെ അനുവദിച്ചില്ല.
മനപൂർവം തിരക്കേറിയ പ്രധാന റോഡിലൂടെയാണ് നഗ്നരാക്കി നടത്തിച്ചത്. ആളുകൾ ഇതിന്റെ വിഡിയോകൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു’’– യുവാവിന്റെ പിതാവ് മാധ്യമങ്ങളോട് കണ്ണീരോടെ പറഞ്ഞു.
പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

