ഇന്ത്യയിലെ പുരുഷ സൗന്ദര്യ–വ്യക്തിത്വ മത്സരങ്ങളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സ് – ഇന്ത്യ 2026 ദേശീയ മത്സരങ്ങൾക്ക് കൊച്ചി വേദിയാകുന്നു. നവംബർ 28, 29, 30 തീയതികളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ ബ്രഹ്മാണ്ഡ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ യുവാക്കൾക്ക് തങ്ങളുടെ കഴിവും വ്യക്തിത്വവും ദേശീയതലത്തിൽ തെളിയിക്കാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പാരമ്പര്യമായി കണ്ടുവരുന്ന റാംപ് വാക്കിനും ശാരീരിക സൗന്ദര്യ പ്രദർശനത്തിനും മാത്രം പ്രാധാന്യം നൽകുന്ന രീതിയിൽ നിന്നുമുള്ള സമ്പൂർണ്ണ മാറ്റമാണ് ഈ മത്സരം വാഗ്ദാനം ചെയ്യുന്നത്.
ആത്മവിശ്വാസം, വ്യക്തമായ ആശയവിനിമയശേഷി, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തം, വിവിധ കലാപരമായ കഴിവുകൾ എന്നിവയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ടാണ് സംഘാടകർ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. യുവാക്കളുടെ സമഗ്രമായ വ്യക്തിത്വ വികസനം ലക്ഷ്യമിട്ടാണ് ഈ ദേശീയ വേദി ഒരുങ്ങുന്നത്.
ഈ അഭിമാനകരമായ ദേശീയ മത്സരത്തിന്റെ നാഷണൽ ഡയറക്ടറായി ചുമതല നിർവഹിക്കുന്നത് നമിത വട്ടക്കൊവ്വൽ ആണ്. ദക്ഷിണേന്ത്യയിൽ നിന്ന് ഈ ഉന്നത പദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടവും നമിതയുടെ പേരിലാണ്.
മിസ് ഫേസ് ഓഫ് ഇന്ത്യ 2019 ടൈറ്റിൽ ജേതാവായ നമിത, അറിയപ്പെടുന്ന സംരംഭകയും വിവിധ രാജ്യാന്തര ബ്രാൻഡുകളുമായി സഹകരിക്കുന്ന മോഡലും പേജന്റ് ഗ്രൂമറുമാണ്. കൊച്ചി തേവരയിൽ പ്രവർത്തിക്കുന്ന NAMAH by Namitha – Creative Production House എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും കൂടിയാണ് അവർ.
മത്സരത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സിന്റെ സ്ഥാപകനായ ഷാൻഡി മോണ്ടെകാർലോ ലിം ആണ്. പ്രശസ്തനായ സോനു സിങ് ഷോ ഡയറക്ടറുടെ ചുമതല വഹിക്കുമ്പോൾ, ഷോ മാനേജരായി സൂര്യ രവീന്ദ്രൻ, ടീം മാനേജരായി യഖ്സ സഹീർ എന്നിവരും നേതൃനിരയിലുണ്ട്.
കൂടാതെ, ഔദ്യോഗിക ഗ്രൂമിങ് പാർട്ണറായി അതുൽ സുരേഷ്, മുഖ്യ അവതാരകനായി കെ. ജിജോയ് ചീരൻ, സൗത്ത് ഇന്ത്യ ഡയറക്ടറായി മുഹമ്മദ് നൈസൽ, മുൻ മത്സരാർഥികളുടെ മെന്ററായി എസ്.
നസറുദ്ദീൻ സിയാദ് എന്നിവരും പ്രവർത്തിക്കുന്നു. ഷോ അംബാസഡറും മുഖവുമായും സൂരാൻഷ് പൃഥ്വിജിത് സിങ് എത്തുന്നു.
ക്രിയേറ്റീവ് വിഭാഗത്തിന്റെ ചുതണലുകൾ കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സ്, ഫൊട്ടോഗ്രാഫർ വാസാം ഖാൻ എന്നിവർക്കാണ്. ഔദ്യോഗിക ഡിജെയായി DJ VEEയും മീഡിയ പാർട്ണറായി Dark Production-ഉം ഒപ്പമുണ്ട്.
ടാലന്റ്, ഫിറ്റ്നസ്, നാഷനൽ കോസ്റ്റ്യൂം, ഫോർമൽ വെയർ, സ്വിംവെയർ, ഫേസ് ടു ഫേസ് അഭിമുഖം, നിർണായകമായ ചോദ്യോത്തര റൗണ്ടുകൾ തുടങ്ങിയ വിവിധ ഘട്ടങ്ങളിലായാണ് മത്സരാർഥികളുടെ മികവ് അളക്കുന്നത്. ശാരീരികക്ഷമതയോടൊപ്പം സാമൂഹിക ബോധവും ശക്തമായ നിലപാടുകളും തുറന്നുപറയാനുള്ള കഴിവും ഇവിടെ പരീക്ഷിക്കപ്പെടും.
ദേശീയ മത്സരങ്ങളുടെ ഭാഗമായി കൗമാരപ്രായത്തിലുള്ള പ്രതിഭകൾക്കായി ടീൻ അംബാസഡർ ഇന്ത്യ ഇന്റർനാഷനൽ എന്ന പ്രത്യേക വേദിയും ഒരുക്കിയിട്ടുണ്ട്. 13 മുതൽ 18 വയസ്സു വരെയുള്ള കൗമാരക്കാർക്ക് പങ്കെടുക്കാവുന്ന ഈ പരിപാടി അവരുടെ ആത്മവിശ്വാസവും ആശയവിനിമയപാടവവും വളർത്താൻ ലക്ഷ്യമിടുന്നു.
രാജ്യത്തെ യുവജനങ്ങൾക്ക് രാജ്യാന്തര തലത്തിലേക്ക് ചുവടുവെക്കാൻ വഴിയൊരുക്കുന്നതോടൊപ്പം, കേരളത്തെ പ്രമുഖ ഫാഷൻ ഹബ്ബായി മാറ്റുക കൂടിയാണ് ഈ ബ്രഹ്മാണ്ഡ ഇവന്റിന്റെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

