ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഫോണിൽ നോക്കി സന്ദേശങ്ങളും ഇമെയിലുകളും പരിശോധിക്കുന്നതും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നതും പലരുടെയും ശീലമാണ്.
എന്നാൽ പല ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കുന്നത് വലിയ മടുപ്പും പ്രയാസവുമാണ് ഉണ്ടാക്കുന്നത്. ഈ പ്രശ്നത്തിന് ഒരൊറ്റ പരിഹാരമായി ഗൂഗിളിന്റെ ജെമിനി (Gemini)യും അതിന്റെ എക്സ്റ്റൻഷനുകളും മാറിയിരിക്കുന്നു.
പലവിധ പ്ലാനിംഗ് ജോലികളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒതുക്കാൻ ജെമിനിയ്ക്ക് കഴിയുന്നുണ്ട്. ഇത് നിരവധി സബ്സ്ക്രിപ്ഷനുകൾ ഒഴിവാക്കാനും സമയലാഭം നേടാനും സഹായിക്കുന്നു.
കലണ്ടർ, കീപ്പ്, ടാസ്ക്സ് എന്നിവയുമായുള്ള സംയോജനം വഴി ഓർമ്മപ്പെടുത്തലുകളും ലിസ്റ്റുകളും നേരിട്ട് കൈകാര്യം ചെയ്യാൻ സാധിക്കുന്നു. പ്രമുഖ ടാസ്ക് ആപ്പുകളായ മൈക്രോസോഫ്റ്റ് ടു ഡു (Microsoft To Do), ട്യൂഡൈസ്റ്റ് (Todoist) എന്നിവയുടെയൊക്കെ ഉപയോഗം ഇതിലൂടെ ഒഴിവാക്കാനായി.
പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ജെമിനിയുടെ പുതിയ ഫീച്ചറുകൾ ഇമെയിൽ പരിശോധനകളും പ്രധാന അറിയിപ്പുകളും നൽകുന്ന ഒരു അസിസ്റ്റന്റായി പ്രവർത്തിക്കുന്നു. ഗൂഗിൾ ഹോം (Google Home) വഴിയുള്ള സ്മാർട്ട് ഹോം ഉപകരണങ്ങളുടെ നിയന്ത്രണവും ജെമിനിയിലൂടെ കൂടുതൽ എളുപ്പമായിരിക്കുകയാണ്.
എയർ പ്യൂരിഫയർ, സ്മാർട്ട് ബൾബ്, എയർകണ്ടീഷണർ തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ ഉപകരണങ്ങൾ മറ്റ് ആപ്പുകൾ തുറക്കാതെ തന്നെ വോയ്സ് കമാൻഡുകൾ വഴി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ ഫിറ്റ്നസ് ട്രാക്കറുകൾക്കും ഡയറ്റ് പ്ലാനുകൾക്കുമായി പണം മുടക്കുന്നതിന് പകരമായി ജെമിനിയെ ഒരു വ്യക്തിഗത ആരോഗ്യ പരിശീലകനായി ഉപയോഗപ്പെടുത്താം.
ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങൾ നൽകി ഡയറ്റ് ചാർട്ടുകളും വർക്ക്ഔട്ട് പ്ലാനുകളും സ്വന്തമായി തയ്യാറാക്കി എടുക്കാൻ ഇത് സഹായിക്കുന്നു. തുടക്കത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ടെങ്കിലും, ഫോണിലെ പലവിധ ആപ്പുകൾ ഒഴിവാക്കി ജോലികൾ വേഗത്തിലാക്കാൻ ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഏറെ ഉപകാരപ്രദമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

