കോഴിക്കോട്: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് യൂത്ത് ലീഗ് രംഗത്ത്. സമസ്തയുടെ മുശാവറ അംഗപദവി സ്വാർത്ഥ താൽപര്യത്തിനും സ്ഥാനം നേടാനുമായി അദ്ദേഹം ദുരുപയോഗം ചെയ്യുകയാണെന്നും, അതിനാൽ ഉമർ ഫൈസിക്കെതിരെ സംഘടന കർശന നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പൊതുസമൂഹത്തിൽ പണ്ഡിതർക്കുള്ള ആദരവിനും വിശ്വാസ്യതയ്ക്കും കളങ്കമേൽപ്പിക്കുന്ന ഇത്തരക്കാരെ മാറ്റിനിർത്താൻ നേതൃത്വം തയ്യാറാകണമെന്നും പ്രസ്താവനയിലൂടെ യൂത്ത് ലീഗ് വ്യക്തമാക്കി. അതേസമയം, ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
പോഷക സംഘടന നേതാക്കൾ സമസ്ത നേതൃത്വത്തെ കാര്യങ്ങൾ ബോധിപ്പിക്കാനായി യോഗം ചേർന്നിട്ടുണ്ട്. വരാനിരിക്കുന്ന മുശാവറ യോഗത്തിൽ അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാനാണ് എതിർവിഭാഗത്തിന്റെ നീക്കം.
വഖഫിൽ ആർഎസ്എസുകാരെ നിയമിക്കാൻ പോലും യുഡിഎഫ് ശ്രമിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ മുൻപ് ഉമർ ഫൈസി ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ സമസ്തക്ക് യോജിച്ചതല്ലെന്നാണ് ഒരു വിഭാഗം സുന്നി നേതാക്കളുടെ നിലപാട്.
തനിക്കെതിരെ നടപടി ആവശ്യപ്പെടുന്നവർ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന മറുപടിയുമായി ഉമർ ഫൈസി മുക്കം ഇതിനിടെ രംഗത്തെത്തി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, വഖഫ് ബോർഡ് അംഗം എന്ന നിലയിൽ യഥാർത്ഥ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ആ ഉത്തരവാദിത്തം നിർവഹിച്ചതിന്റെ പേരിലാണ് താൻ സെമിനാറിൽ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഉമർ ഫൈസിയോടുള്ള വ്യക്തിപരമായ വിരോധമാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കങ്ങൾക്ക് പിന്നിലെന്ന് ഫൈസി അനുകൂലികളും പ്രതികരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

