സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്ക് ഇന്നും പൂർണ്ണ പരിഹാരമായിട്ടില്ലെന്ന് അറിയിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിന്റെ ഭാഗമായി തത്സമയ വിപണിയില്‍ നിന്ന് ഉയർന്ന വില നൽകി ബോർഡ് കൂടുതൽ വൈദ്യുതി വാങ്ങിയിട്ടുണ്ട്.
ഇതിനുപുറമേ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വിഹിതത്തിലും നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പവർ എക്സ്ചേഞ്ചിൽ നിന്ന് കാര്യമായ അളവിൽ വൈദ്യുതി ലഭ്യമായിട്ടുണ്ട്.
ബുധനാഴ്ചത്തെ അപേക്ഷിച്ച് 8 ദശലക്ഷം യൂണിറ്റ് അധിക വൈദ്യുതിയാണ് തത്സമയ വിപണിയില്‍ നിന്ന് വാങ്ങാൻ സാധിച്ചത്. തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം വർദ്ധിച്ചതും ഗ്രിഡ് വഴി ഷെഡ്യൂൾ ചെയ്തതിനേക്കാൾ കൂടുതൽ വൈദ്യുതി ലഭ്യമായതും അനുകൂലമായി.
78 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി പുറത്തുനിന്ന് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര പൂളിലെ വിഹിതത്തിലും ഒരു ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
എങ്കിലും പ്രതിസന്ധി പൂർണ്ണമായി ഒഴിവാകാത്ത സാഹചര്യത്തിൽ ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണത്തിന് സാദ്ധ്യതയുള്ളത്.
മുൻ ദിവസങ്ങളിലും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഡയറക്ടർമാരുടെ നേതൃത്വത്തിൽ പുറത്തുനടത്തുന്ന ചർച്ചകളിൽ ഈ മാസത്തേക്ക് കൂടുതൽ വൈദ്യുതി ഉറപ്പാക്കാനുള്ള പുതിയ കരാറുകളിൽ ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാറുകൾ ലഭ്യമല്ലെന്ന കാര്യം കഴിഞ്ഞ ജൂണിൽ തന്നെ ബോധ്യപ്പെട്ടിരുന്നെങ്കിലും അന്ന് ഇപ്പോൾ നടത്തുന്നതുപോലുള്ള ശക്തമായ ശ്രമങ്ങൾ ഉണ്ടായിരുന്നില്ല. നിലവിലെ പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനങ്ങളും അന്നേ ബോധ്യപ്പെട്ടതാണെങ്കിലും ആവശ്യമായ നടപടികൾ വൈകുകയായിരുന്നു.
വരും മാസങ്ങളിലെ പ്രതിസന്ധികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രൊജക്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മൈലാട്ടി, മുള്ളേരിയ എന്നീ പദ്ധതികൾ അടുത്ത മാസം തന്നെ പൂർത്തിയാക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിട്ടുള്ളത്.
ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികൾ നവംബറിലും പോത്തൻകോട് പദ്ധതി ഡിസംബറിലും പൂർത്തിയാക്കണമെന്നാണ് കമ്മീഷന്റെ കർശന നിർദ്ദേശം. അതേസമയം, സോളാർ വൈദ്യുതി ശേഖരിച്ചു വെക്കാനുള്ള സംവിധാനങ്ങളുടെ കുറവുമൂലം പകൽ സമയങ്ങളിൽ കരാർ പ്രകാരമുള്ള വൈദ്യുതി ബോർഡ് സർണ്ടർ ചെയ്യേണ്ടി വരുന്നുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

