മുംബൈയിലെ പ്രമുഖ സ്ഥാപനത്തിൽ എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വക്കോഡയുടെ ദാരുണ വിയോഗത്തിൽ പ്രതികരണവുമായി കുടുംബം രംഗത്ത്. തന്റെ മകനെ അതിക്രൂരമായി ഉപദ്രവിച്ചു എന്നും അവനെ കൊന്നു എന്നും വ്യക്തമാക്കിയ അമ്മ, തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടു.
സംഭവത്തിൽ സാഹിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷാഹാളിൽ മൊബൈൽ ഫോണുമായി എത്തിയ വിദ്യാർഥി, ചാറ്റ് ജിപിടിയിൽ ചോദ്യപ്പേപ്പർ അപ്ലോഡ് ചെയ്തതിന് ശേഷം അതിൽ നോക്കി ഉത്തരം എഴുതുമ്പോഴാണ് പിടിയിലായതെന്ന് കോളജ് അധികൃതർ വിശദീകരിച്ചു.
എന്നാൽ കോപ്പിയടിച്ചതിന് പിടികൂടിയെങ്കിലും വിദ്യാർഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും കോളജ് അധികൃതർ സ്വീകരിച്ചിരുന്നില്ലെന്നാണ് അധ്യാപകർ വ്യക്തമാക്കുന്നത്. ഭാവിജീവിതത്തിൽ ഈ സംഭവം ഒരു പ്രശ്നമാകില്ലെന്ന് സാഹിലിനെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും കോളജ് അധികൃതർ അറിയിച്ചു.
എന്നാൽ അധ്യാപകരുമായുള്ള ഈ സംഭാഷണത്തിന് ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ വൈകിട്ടോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കാമ്പസിൽ സഹപാഠികൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
സംഭവത്തിന്റെ പൂർണവിവരം അധികൃതർ വ്യക്തമാക്കുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോപ്പിയടിച്ചത് പിടികൂടിയതിന് പിന്നാലെ സാഹിലിനെ സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു.
സസ്പെൻഷൻ ലഭിച്ചാൽ അവന് ഹോസ്റ്റൽ ഒഴിയേണ്ടിവരുമെന്നും, കൂടാതെ നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ അഞ്ചോ അതിലധികമോ വർഷം ആവശ്യമായി വരുമെന്ന സാഹചര്യം ഉണ്ടായിരുന്നു. അച്ചടക്ക നടപടിയെക്കുറിച്ചുള്ള കടുത്ത ഭയവും മാനസിക സമ്മർദവുമാകാം സാഹിലിനെ ഇത്തരത്തിലുള്ള തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാർഥികളുടെ പക്ഷം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

