ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ് ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു. ഏകദേശം 16 കോടി രൂപ ചെലവഴിച്ച് നിർമിച്ച നന്ദ കി ചൗക്കി പാലം ഉദ്ഘാടനം ചെയ്ത് ഏതാനും ദിവസങ്ങൾക്കകം തന്നെ റോഡിൽ വലിയ കുഴി രൂപപ്പെട്ടത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
റോഡ് തകർന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി അതായത് 27.7.2026 തീയതിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഒരു ഭാഗം തകർന്ന് വലിയൊരു ഗർത്തം രൂപപ്പെട്ടത്.
ഈ സംഭവത്തെ തുടർന്ന് ഡെറാഡൂൺ – പാവോണ്ട സാഹിബ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
നിലവിൽ സുരക്ഷ മുൻനിർത്തി വാഹനങ്ങൾ മറ്റ് വഴികളിലൂടെയാണ് തിരിച്ചുവിടുന്നത്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 2025-ലെ മഴക്കാലത്ത് തകർന്നടിഞ്ഞ പഴയ പാലത്തിന് പകരമായാണ് ദേശീയ പാതാ അഥോറിറ്റിയുടെ ധനസഹായത്തോടെ പുതിയ പാലം നിർമ്മിച്ചത്. റോഡിൽ രൂപപ്പെട്ട
ഗർത്തത്തിന്റെ ചിത്രങ്ങളും ദൃശങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പൊതുമരാമത്ത് പദ്ധതികളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച ഒരു പദ്ധതി ആദ്യത്തെ ശക്തമായ മഴയെ പോലും അതിജീവിക്കാതെ തകർന്നത് അഴിമതിയുടെ തെളിവാണെന്നാണ് പൊതുജനങ്ങളുടെ ആരോപണം.
ഔദ്യോഗിക സംവിധാനങ്ങളുടെ അനാസ്ഥയ്ക്കെതിരെ കടുത്ത പരിഹാസവും വിമർശനവുമാണ് ഓൺലൈൻ ഇടങ്ങളിൽ ഉയരുന്നത്. അതേസമയം, പാലത്തിന്റെ പ്രധാന ഘടനയ്ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും തകർന്നത് അപ്രോച്ച് റോഡിന്റെ ഒരു ഭാഗം മാത്രമാണെന്നുമാണ് അധികൃതരുടെ വിശദീകരണം.
അപകടവിവരമറിഞ്ഞ് വിദഗ്ധ സംഘം സംഭവസ്ഥലം സന്ദർശിക്കുകയും വിശദമായ പരിശോധനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് തകർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ സാങ്കേതിക അന്വേഷണം പുരോഗമിക്കുകയാണ്.
ശക്തമായ മഴയെ തുടർന്നുള്ള മണ്ണൊലിപ്പാണോ അതോ നിർമാണത്തിലെ അപാകതകളാണോ ദുരന്തത്തിലേക്ക് നയിച്ചതെന്ന് സമഗ്രമായ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തത വരൂ എന്ന് അധികൃതർ അറിയിച്ചു. ഇതിനിടയിൽ, കേടായ ഭാഗങ്ങൾ അടിയന്തരമായി പുനഃസ്ഥാപിച്ച് എത്രയും പെട്ടെന്ന് ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ഊർജിതമായ ശ്രമങ്ങൾ നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

