എറണാകുളം ജില്ലയിലെ ആലങ്ങാട് മേഖലയിൽ സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഭവത്തിൽ പ്രദേശത്തെ ഇരുപതോളം വീടുകളുടെ മുന്നിൽ സ്ഥാപിച്ചിരുന്ന പിച്ചള നെയിം ബോർഡുകളാണ് വ്യാപകമായി മോഷണം പോയത്.
ഏകദേശം 3000 രൂപ മുതൽ 5000 രൂപയോളം വിലമതിക്കുന്നതാണ് നഷ്ടപ്പെട്ട ഓരോ പിച്ചള ബോർഡും.
ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടപ്പുറം, കരുമാലൂർ, കടുങ്ങല്ലൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും സമാന രീതിയിൽ പിച്ചള നെയിം ബോർഡുകൾ നഷ്ടപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങൾ പ്രദേശവാസികളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
ഇതിന് മുൻപ് കാരുചിറയിലും ഷാപ്പുപടിയിലും വാട്ടർ മീറ്ററുകൾ മോഷണം പോയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, രണ്ടാഴ്ച മുൻപ് കാരുകുന്ന് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ച നിലയിലും കണ്ടെത്തിയിരുന്നു.
ഇതിനെല്ലാം പുറമേ, രണ്ട് മാസം മുൻപ് കുന്നേൽ, തടിക്കക്കടവ്, കരിങ്ങാംതുരുത്ത് ഭാഗങ്ങളിലെ വീടുകളിലേക്ക് ആയുധങ്ങളുമായി അജ്ഞാത സംഘം എത്തിയത് വലിയ ഭീതിക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും വ്യാപകമായ മോഷണം നടന്നിരിക്കുന്നത്.
മേഖലയിൽ ലഹരി സംഘങ്ങളുടെയും വിവിധ മോഷ്ടാക്കളുടെയും ശല്യം വർധിച്ചതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഈ സാഹചര്യം മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ കറങ്ങിനടക്കുന്നത്.
ആയുധങ്ങളുമായി കറങ്ങുന്ന പ്രത്യേക മോഷണ സംഘങ്ങൾ വേറെയുമുണ്ടെന്നും, പിച്ചള നെയിം ബോർഡുകൾ വ്യാപകമായി കവരുന്നതിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘങ്ങളാകാം എന്ന സംശയവും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറുതും വലുതുമായി നൂറിലധികം മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ ഇതിൽ ഭൂരിഭാഗം കേസുകളിലും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് സാധിച്ചിട്ടില്ല. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്ന അപര്യാപ്തമായ പ്രവർത്തനങ്ങളാണ് പ്രദേശത്ത് ലഹരി സംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

