ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പൊലീസിന്റെ ക്രൂരമായ മർദ്ദനമേറ്റാണ് സിയാദ് മരിച്ചതെന്ന പരാതിയിലാണ് നടപടി. കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി ഈ വിഷയം അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി ഗീത കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വരുന്ന ഓഗസ്റ്റ് അഞ്ച് ന് തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ വെച്ച് നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് കഴിഞ്ഞ മാസം 24-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്. കുണ്ടറ-കൊല്ലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ഡ്രൈവറായിരുന്നു സിയാദ്.
അയൽവാസികളായ രണ്ട് കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16-നാണ് സിയാദിന്റെ അയൽവാസികളായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥികളെ കാണാതാകുന്നത്.
തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസിന് മുന്നിൽ ഒരു കുട്ടിയുടെ സഹോദരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ അർദ്ധരാത്രിയോടെ സിയാദിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിറ്റേദിവസം തന്നെ കുട്ടികളെ കണ്ടെത്തുകയും തുടർന്ന് സിയാദിനെ വിട്ടയക്കുകയും ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിലിരിക്കെ എസ് ഐ സമ്പത്ത്, സി പി ഒ ശ്രീജിത്ത് എന്നിവർ ചേർന്ന് ജീപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചുവെന്നാണ് സിയാദിന്റെ മകൾ ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഈ സംഭവത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം രണ്ടിന് സിയാദ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ആരോപണങ്ങൾ പോലീസ് നിഷേധിച്ചിട്ടുണ്ടെങ്കിലും, സിയാദിനെ പോലീസ് മർദ്ദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരിയായ കുട്ടി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ, സ്വകാര്യ ബസ് ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട
ആരോപണം ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

