കൊച്ചിയിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻതോതിൽ പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായയെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
ഇവരുടെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കും കാനഡയിലേക്കും കുടിയേറാൻ ആഗ്രഹിക്കുന്നവരെയും വിദേശ തൊഴിൽ തേടുന്നവരെയും ലക്ഷ്യമിട്ട് 2023 മുതൽ പാർവതിയും സംഘവും തട്ടിപ്പ് നടത്തിവരികയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അർമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ആകർഷകമായ ശമ്പലത്തോടെ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. ഇത്തരത്തിൽ തട്ടിയെടുക്കുന്ന തുക വിദേശത്തേക്ക് കടത്തുന്നതായിരുന്നു ഇവരുടെ രീതി.
കൂടാതെ, ദുബായിൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയും പാർവതി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് വിവരമുണ്ട്. പ്രതിയുടെ അറസ്റ്റ് വാർത്ത പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതിക്കാരുടെ പ്രവാഹമാണ്.
തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് രാവിലെ 11 മണിവരെ ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
പിന്നീട് നിശ്ചിത സമയത്ത് വീണ്ടും കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് റിമാൻഡ് നടപടികൾ ഉണ്ടായത്. ഈ കേസിൽ പാർവതിയുടെ പങ്കാളി അനീഷ് മേനോൻ, അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയൻ, ഷാജി തുടങ്ങി മറ്റു അഞ്ച് പ്രതികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്.
മുഖ്യപ്രതികളിലൊരാളായ അനീഷ് നിലവിൽ വിദേശത്താണുള്ളത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

