റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ സൈന്യം ഡ്രോൺ ആക്രമണം ശക്തമാക്കിയതോടെ ബിസിനസ് മേഖല വലിയ പ്രതിസന്ധിയിലേക്ക്. ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന കർശന സർക്കാർ നിർദേശമാണ് വ്യവസായ സ്ഥാപനങ്ങൾക്ക് പുതിയ തലവേദനയായിരിക്കുന്നത്.
ഈ നിർദേശങ്ങളിൽ വീഴ്ച വരുത്തുന്ന കമ്പനികളെ താൽകാലികമായി അടച്ചുപൂട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി റഷ്യയിലെ പ്രമുഖ ബിസിനസ് സംരംഭങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ൻ നിരന്തരം ഡ്രോൺ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
വലിയ ഭൂപ്രകൃതിയുള്ള റഷ്യയിൽ രാജ്യത്തുടനീളം ശക്തമായ വ്യോമപ്രതിരോധ സംവിധാനം ഏർപ്പെടുത്താൻ സർക്കാരിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബിസിനസുകൾ സ്വന്തം നിലയിൽ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
അടുത്തിടെ റഷ്യയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപാദന കേന്ദ്രത്തിൽ യുക്രെയ്ൻ ഡ്രോണുകൾ വലിയ തോതിൽ നാശം വിതച്ചിരുന്നു. ഇതിനുപിന്നാലെ, മോസ്കോയിലെ ഉൽപാദന കേന്ദ്രങ്ങൾ സംരക്ഷിക്കാൻ കമ്പനിയുടെ ഉടമയായ അലക്സി മോർദഷോവ് സ്വന്തമായി വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുകയായിരുന്നു.
രാജ്യത്തെ സ്വകാര്യ ബിസിനസുകളും പ്രത്യക്ഷമായി യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ സമാനമായ രീതിയിൽ രാജ്യത്തെ മറ്റു പല പ്രമുഖ കമ്പനികളും വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുകയാണ്.
നിലവിൽ മാസ വാടകയ്ക്ക് വ്യോമപ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കുന്ന കമ്പനികളും റഷ്യയിലുണ്ട്. ഇതിനുപുറമേ, ഡ്രോണുകളെ വെടിവച്ചിടാൻ പ്രൊഫഷണൽ ഷൂട്ടർമാരെയും കമ്പനികൾ നിയമിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച തൊഴിൽ പരസ്യങ്ങൾ ഇപ്പോൾ റഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഷൂട്ടർമാർക്ക് പ്രതിമാസം 2.4 ലക്ഷം റൂബിൾ മുതലാണ് തുടക്ക ശമ്പളം ലഭിക്കുന്നത്.
ചില പ്രത്യേക മേഖലകളിൽ ഇതിന്റെ ഇരട്ടി ശമ്പളം വരെ ലഭിക്കാറുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ 6 മാസങ്ങളിൽ മാത്രം റഷ്യൻ ബിസിനസുകൾ ഡ്രോണുകളെ നേരിടാൻ ചെലവഴിച്ചത് കോടിക്കണക്കിന് രൂപയാണ്.
മുൻ വർഷത്തേക്കാൾ 7 മടങ്ങ് അധിക തുകയാണിത്. അതേസമയം, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കമ്പനികൾ നടത്തുന്ന ഈ വലിയ ചെലവുകൾക്ക് നികുതി ഇളവ് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത്തരം സുരക്ഷാ ചെലവുകൾ ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിലും ബിസിനസുകൾക്ക് പ്രത്യേക ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പുതിയ ചില കമ്പനികളും ഡ്രോൺ പ്രതിരോധ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.
പ്രമുഖ റഷ്യൻ സൈബർ സെക്യുരിറ്റി കമ്പനിയായ കാസ്പെറസ്കി ഇതിൽ എടുത്തുപറയേണ്ട ഒന്നാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ശത്രു ഡ്രോണുകളെ കൃത്യമായി കണ്ടെത്തി വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കാൻ കഴിയുന്ന നൂതന ആന്റി-ഡ്രോൺ സംവിധാനമാണ് ഈ കമ്പനി ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

