ആലപ്പുഴ ജില്ലയിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട. പട്ടണക്കാട്ട് നടത്തിയ പ്രത്യേക നീക്കത്തിലാണ് അഞ്ചര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ ആഷിക്ക് ബഹ്റ (30)യെ പൊലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപ് ടി കെ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പട്ടണക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാദേവ ക്ഷേത്രത്തിന് എതിർവശം ദേശീയപാത 66-ന് കിഴക്കുവശത്തെ സർവീസ് റോഡിലൂടെ കഞ്ചാവുമായി എത്തിയപ്പോഴാണ് ജില്ലാ ഡാൻസാഫ് ടീമും പട്ടണക്കാട് പോലീസും ചേർന്ന് പ്രതിയെ വലയിലാക്കിയത്.
ഓണാഘോഷത്തിന് മുന്നോടിയായി ജില്ലയിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ കഞ്ചാവെന്ന് പൊലീസ് വ്യക്തമാക്കി. പട്ടണക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എസ് ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പരിശോധനാ സംഘത്തിൽ എസ്ഐ രതീഷ്, എ എസ്ഐ സുനിൽകുമാർ, ഗ്രേഡ് എസ്ഐമാരായ ലതീഷ് കുമാർ, ബിജിമോൻ, സീനിയർ സിപിഒമാരായ അരുൺകുമാർ, നിധിൻ എം പി, സന്തോഷ്, മനു എന്നിവരും ജില്ലാ ഡാൻസാഫ് ടീമും പങ്കെടുത്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

