ഇറാഖിലെ എർബിൽ നഗരത്തിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം കനത്ത ആക്രമണം റിപ്പോർട്ട് ചെയ്തു. എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
നാല് ഇറാനിയന് ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോർ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊർജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ് ലഭ്യമാകുന്നത്.
ചൊവ്വാഴ്ച പുലർച്ചെ എർബിലിൽ ആക്രമണമുണ്ടായ അതേസമയത്തു തന്നെയാണ് ഖോർ മോറിലും സ്ഫോടനം നടന്നതെന്ന് ഇറാഖ് അധികൃതർ അറിയിച്ചു. ഇതിനിടയിൽ, ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥരായി പ്രവർത്തിക്കുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടതിനാലാണ് ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവച്ചതെന്നും എന്നാൽ നയതന്ത്ര ചർച്ചകൾക്ക് ഇനി കൂടുതൽ സമയം നൽകാൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. സമാധാനചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ സജീവമായി തുടരുന്നതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായി.
ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നും എന്നാൽ എല്ലാ ഡ്രോണുകളും വിജയകരമായി വെടിവച്ചിട്ടെന്നും സൗദി സേന അറിയിച്ചു. ചെങ്കടലിൽ സൗദിയുടെ എണ്ണക്കപ്പലിനുനേരെ മിസൈലുകൾ തൊടുത്തതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം അവകാശപ്പെട്ടു.
ഇറാൻ വിരുദ്ധരായ കുർദുകളുടെ വടക്കൻ ഇറാഖിലെ താവളങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും ഇറാഖ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ 2 ഡ്രോണുകൾ വെടിവച്ചിട്ടതായി ജോർദാനും അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച 6 കപ്പലുകളെ ഇറാൻ നാവികസേന മടക്കി അയക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

