രാഷ്ട്രീയ പാർട്ടികളുടെ സമീപനത്തിനെതിരെ വിമർശനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ രംഗത്ത്. സാഹചര്യം മാറുന്നതിന് അനുസരിച്ച് ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ തനിക്കും തന്റെ ഭർത്താവിനും വിവിധ ചാപ്പകൾ പതിച്ചു നൽകുകയാണെന്ന് അവർ വ്യക്തമാക്കി.
പതാകകൾ വ്യത്യസ്തമാണെങ്കിലും രണ്ടു പാർട്ടികളുടെയും രീതി ഒന്നുതന്നെയാണെന്ന് ഗീതാഞ്ജലി സമൂഹമാധ്യമത്തിൽ കുറിച്ചു. ‘വാങ്ചുക്ക് അറസ്റ്റിലായപ്പോൾ ബിജെപി ഐടി സെൽ ഞങ്ങളെ രാജ്യവിരുദ്ധരെന്നും ചൈനീസ് ഏജന്റെന്നും വിദേശഫണ്ട് വാങ്ങുന്നവരെന്നും വിളിച്ചു.
ഇന്ന് പ്രധാനമന്ത്രിയുടെ വീടിനു മുന്നിൽ കോൺഗ്രസ് നടത്തിയ സമരം ആത്മാർഥതയില്ലാത്തതാണെന്ന് ഞങ്ങൾ പറഞ്ഞതോടെ ഞങ്ങളെ സംഘികളെന്നും ആർഎസ്എസെന്നും ബിജെപിയുടെ ശിങ്കിടികളെന്നും വിളിച്ച് പരിഹസിക്കുകയാണ് കോൺഗ്രസ്. കൊടികൾ വ്യത്യസ്തമെങ്കിലും രീതി ഒന്നു തന്നെ.
അതിന്റെ ജീർണത നമ്മുടെ മുഴുവൻ രാഷ്ട്രീയ സംസ്കാരത്തെയും ബാധിച്ചു. കേവലം ഭരണമാറ്റമല്ല രാജ്യത്തിനു വേണ്ടത്.
മറിച്ച് രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണത്തിൽ തന്നെ മാറ്റം വരണം. വിയോജിപ്പുകളെ അപരവൽക്കരണത്തിലൂടെയല്ലാതെ സംവാദത്തിലൂടെ നേരിടുന്ന, പാർട്ടിയോടുള്ള കൂറിനു പകരം സത്യസന്ധതയെ ദേശസ്നേഹത്തിന്റെ അളവുകോലായി കാണുന്ന, സങ്കുചിതമായ പക്ഷക്കൂറിനേക്കാൾ സത്യത്തിന് പ്രാധാന്യം നൽകുന്ന രാഷ്ട്രീയ സംസ്കാരമാണ് നമുക്കു വേണ്ടത്’ – ഗീതാഞ്ജലി ആങ്മോ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുൻപിൽ കോൺഗ്രസ് നടത്തിയ സമരം ആത്മാർഥതയില്ലാത്തതാണെന്ന് ഗീതാഞ്ജലി മുൻപ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ ഗീതാഞ്ജലിയെ പരിഹസിച്ച് രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

