ആലപ്പുഴ– മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം ചേലച്ചുവട് റോഡിൽ ചീങ്കൽസിറ്റിക്ക് സമീപമുള്ള കലുങ്ക് നിർമ്മാണം അനിശ്ചിതമായി നീളുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കലുങ്കിന്റെ അടിഭാഗം തകർന്നതിനെ തുടർന്ന് ആരംഭിച്ച അറ്റകുറ്റപ്പണികളാണ് ഇപ്പോൾ പാതിവഴിയിൽ നിലച്ചിരിക്കുന്നത്.
കലുങ്കിന്റെ പകുതി ഭാഗം നിർമ്മിച്ചെങ്കിലും ബാക്കി ഭാഗത്തെ പണികൾ ദിവസങ്ങളായി പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കടന്നുപോകുന്നത് നിർമ്മാണത്തിന് തടസ്സമാകുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.
നിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ഭാഗത്ത് കമ്പികൾ പുറത്തേക്ക് നിൽക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രദേശത്ത് രാത്രികാലങ്ങളിൽ വെളിച്ചത്തിന്റെ അപര്യാപ്തതയുള്ളതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ചെറുവാഹനങ്ങൾ അബദ്ധത്തിൽ കമ്പികൾ നിൽക്കുന്ന ഭാഗത്തേക്ക് മറിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
പൊതുമരാമത്ത് വകുപ്പ് അധികൃതർ പലതവണ വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചിട്ടും വിഷയത്തിൽ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഈ പാതയിലെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

