മുംബൈയിലെ മുഹറം ഘോഷയാത്രയ്ക്കിടെ എലിവിഷം കലർത്തിയ ഗുളികകൾ വിതരണം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പുണെ സ്വദേശിയായ ഫയാസ് പ്രേംജിയെ പോലീസ് അറസ്റ്റ് ചെയ്തു. ഘോഷയാത്രയിൽ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണ് പോലീസ് ഇടപെടലിലൂടെ തടഞ്ഞത്.
കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നഗരത്തിലെ ജെജെ ആശുപത്രി, ബൈക്കുള എന്നീ പ്രദേശങ്ങളിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോഴായിരുന്നു സംഭവം.
വേദനസംഹാരിയാണെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി ഗുളികകൾ വിതരണം ചെയ്യുകയായിരുന്നു. ഗുളിക കഴിച്ച ഒരാൾക്ക് ശാരീരിക അസ്വസ്ഥതകളും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് സംശയം തോന്നിയ വനിതാ വൊളന്റിയർമാർ ഇടപെട്ടു.
പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മരുന്നാണെന്ന ഫയാസിന്റെ വാദം തള്ളിയ വൊളന്റിയർമാർ, ഗുളിക പരിശോധിച്ചപ്പോൾ അതിനുള്ളിൽ സംശയാസ്പദമായ രീതിയിൽ പൊടി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലൗഡ് സ്പീക്കറിലൂടെ ജാഗ്രതാ നിർദേശം നൽകുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവസ്ഥലത്തുനിന്നും 14,900 ഗുളികകൾ പോലീസ് പിടിച്ചെടുത്തു. ഇവയിൽ സിങ്ക് ഫോസ്ഫൈഡ് അടങ്ങിയിട്ടുണ്ടെന്ന് മുംബൈ ഡിസിപി ജയന്ത് മീണ സ്ഥിരീകരിച്ചു.
കൂടാതെ 30,000 ഒഴിഞ്ഞ മരുന്നു ക്യാപ്സ്യൂളുകളും 50 കിലോ ഫോസ്ഫറസും ഓർഡർ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. “15,000 പേരെ കൊല്ലണം” എന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി.
അന്വേഷണത്തിൽ, ബിബിഎ ബിരുദധാരിയായ ഫയാസ് പ്രേംജി 2019-നും 2025-നും ഇടയിൽ ഇറാനിലേക്കും ഇറാഖിലേക്കും പലതവണ യാത്ര ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 19 തവണ ഇയാൾ വിദേശയാത്രകൾ നടത്തി.
പ്രതിയുടെ അമ്മയും സഹോദരിയും ഇറാനിലാണുള്ളത്. പുണെ വിമാൻ നഗറിൽ പെയിന്റ് ബിസിനസ് നടത്തിയിരുന്ന ഇയാൾ ഡോംഗ്രിയിലെ ഒരു ഡോർമിറ്ററിയിലാണ് താമസിച്ചിരുന്നത്.
ഇയാളുടെ സാമ്പത്തിക ഇടപാടുകളും മൊബൈൽ ഫോൺ വിവരങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

