ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളുമായി അർജന്റീന നായകൻ ലിയോണൽ മെസി കുതിക്കുന്നു. ജോർദാനെതിരായ മത്സരത്തിൽ ഗോൾ കണ്ടെത്തിയതോടെ, ലോകകപ്പിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടം മെസി സ്വന്തമാക്കി.
ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ൻ (1958), ബ്രസീലിയൻ താരം ജെയർസീഞ്ഞോ (1970) എന്നിവർ സ്ഥാപിച്ച ആറ് മത്സരങ്ങളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2022 ഖത്തർ ലോകകപ്പിലെ പ്രീ-ക്വാർട്ടർ (ഓസ്ട്രേലിയ), ക്വാർട്ടർ (നെതർലൻഡ്സ്), സെമി (ക്രൊയേഷ്യ), ഫൈനൽ (ഫ്രാൻസ്) എന്നീ മത്സരങ്ങളിലും, നിലവിലെ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലുമാണ് മെസി ഈ ചരിത്രനേട്ടം കുറിച്ചത്.
ജോർദാനെതിരായ ഗോളോടെ ലോകകപ്പിലെ മെസിയുടെ ആകെ ഗോളുകളുടെ എണ്ണം 19 ആയി ഉയർന്നു. ഇതോടെ ബ്രസീലിയൻ വനിതാ താരം മാർത്തയുടെ റെക്കോർഡ് മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററായി മെസി മാറി.
നേരത്തെ, ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡും മെസി തിരുത്തിയിരുന്നു. പെലെ 14 മത്സരങ്ങളിൽ നിന്ന് 12 ഗോളും 9 അസിസ്റ്റും (ആകെ 21) നേടിയപ്പോൾ, മെസി 19 ഗോളും 8 അസിസ്റ്റുമായാണ് (ആകെ 27) മുന്നിലെത്തിയത്.
ജോർദാനെതിരെ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (29) കളിച്ച താരമെന്ന റെക്കോർഡും അർജന്റീന നായകൻ ഭദ്രമാക്കി. കൂടാതെ, ലോകകപ്പിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (19) നേടുന്ന താരമെന്ന നേട്ടവും മെസിയുടെ പേരിലായി.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗോൾ നേടിയ ഏക താരമെന്ന സവിശേഷതയും മെസിക്കുണ്ട്. 2006-ൽ ഒരു ഗോളോടെ തുടങ്ങിയ മെസിയുടെ ലോകകപ്പ് യാത്ര 2014-ൽ 4 ഗോളും, 2018-ൽ ഒരു ഗോളും, 2022-ൽ 7 ഗോളും നേടി.
നിലവിലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ 6 ഗോളുകളുമായി മെസി പട്ടികയിൽ ഒന്നാമതാണ്. ഗില്ലെർമോ സ്റ്റാബിലെ (1930), മാരിയോ കെമ്പസ് (1978) എന്നിവർക്ക് ശേഷം അർജന്റീനയ്ക്കായി ഒരു ഗോൾഡൻ ബൂട്ട് എന്ന നേട്ടം ലക്ഷ്യമിട്ടാണ് മെസിയുടെ മുന്നേറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

