പാണത്തൂർ മേഖലയിലെ പൂക്കയം പുഴയിലേക്ക് ബസ് മാലിന്യം തള്ളിയ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പാണത്തൂർ-കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന അക്സം ബസിലെ ജീവനക്കാരാണ് ബസിന്റെ മുൻവശത്തെ തകർന്ന ഗ്ലാസ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ സംഭവം നടന്നത്. പിറ്റേദിവസം പുലർച്ചെ പുഴയിൽ കുളിക്കാനെത്തിയ പ്രദേശവാസികളാണ് മാലിന്യം കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് പഞ്ചായത്ത് അംഗത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ കണ്ടെടുത്ത മാലിന്യങ്ങളിൽ നിന്ന് അക്സം ബസിന്റെ സ്റ്റിക്കർ ലഭിച്ചതോടെയാണ് കുറ്റക്കാരെ തിരിച്ചറിഞ്ഞത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ രാജപുരം പൊലീസിൽ പരാതി നൽകി. പൊലീസ് ബസ് ഉടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കാൻ ഇവർ നിർബന്ധിതരായി.
തുടർന്ന് നാട്ടുകാരുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, പുഴയിലേക്ക് തള്ളിയ മാലിന്യങ്ങൾ ബസ് ഉടമയെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പനത്തടി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇർഷാദ് അലിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

