ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ സംബന്ധിച്ച നിർണായകമായ നയതന്ത്ര ചർച്ചകൾ ബീജിങ്ങിൽ നടന്നു. ഇന്ത്യ-ചൈന ബോർഡർ അഫയേഴ്സിന്റെ യോഗത്തിലാണ് ഇരുരാജ്യങ്ങളും അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തത്.
അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. അതിർത്തി നിർണയം, സുരക്ഷാ ക്രമീകരണങ്ങൾ, ഉഭയകക്ഷി സഹകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചു.
2020 ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നിയന്ത്രണ രേഖയോട് ചേർന്നുണ്ടായ സംഘർഷത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണത്. ഈ സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
സംഘർഷത്തിൽ തങ്ങളുടെ നാല് സൈനികർ കൊല്ലപ്പെട്ടതായി ചൈന പിന്നീട് ഔദ്യോഗികമായി സമ്മതിച്ചിരുന്നു. ഗാൽവാൻ സംഭവത്തിന് ശേഷം അതിർത്തി മേഖലയിൽ ആയിരക്കണക്കിന് സൈനികരെയും യുദ്ധോപകരണങ്ങളും ഇരുരാജ്യങ്ങളും വിന്യസിച്ചിരുന്നു.
സംഘർഷം ലഘൂകരിക്കുന്നതിനായി തുടർനടപടികളെന്നോണം നിരവധി തവണ സൈനിക-നയതന്ത്രതല ചർച്ചകൾ സംഘടിപ്പിച്ചു. ദീർഘകാലത്തെ തർക്കങ്ങൾക്കും സംഘർഷങ്ങൾക്കും ശേഷം അതിർത്തിയിലെ സമാധാനാന്തരീക്ഷത്തെക്കുറിച്ച് ഇരുരാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിക്കുന്നത് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ ആശ്വാസമായാണ് കണക്കാക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

