കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാക്കളുടെ രാജി. പാർട്ടി ദേശീയ വക്താവും മുൻ എംപിയുമായ ശന്തനു സെൻ ആണ് തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പാർട്ടി പദവികളിൽ നിന്നും രാജിവെച്ചത്.
അഴിമതി ആരോപണങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് പീഡന കൊലപാതകക്കേസിൽ സർക്കാർ സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. “ബംഗാളിലെ ജനം ടിഎംസിയെ തള്ളികളഞ്ഞെന്നും അഴിമതി നിറഞ്ഞ പാർട്ടിയിൽ തുടരാനാകില്ലെന്നുമാണ് രാജിക്കത്ത്” എന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിൽ മനസ്സാക്ഷിക്ക് വിരുദ്ധമായി തുടരാനാകില്ലെന്നും രാജിക്കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ശന്തനു സെന്നിന്റെ തീരുമാനത്തോട് തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, തൃണമൂൽ മഹിളാ വിഭാഗം അധ്യക്ഷ പദവിയിൽ നിന്നും കാകോലി ഘോഷും രാജിവെച്ചു. പാർലമെന്റിനകത്ത് കല്യാൺ ബാനർജി തന്നെ നിരന്തരം അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് അവർ പരാതി നൽകി.
മറ്റു വനിതാ നേതാക്കൾക്കും സമാനമായ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കാകോലി ഘോഷ് പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ കല്യാൺ ബാനർജി പൂർണ്ണമായും തള്ളി.
താൻ അധിക്ഷേപിച്ചുവെന്ന് പറയുന്ന തീയതി വെളിപ്പെടുത്തണമെന്നും, പരാതി നൽകാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം തിരിച്ചടിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 293 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ രൂപപ്പെട്ട
ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് ഈ സംഭവവികാസങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മമത ബാനർജിക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുന്ന ഈ സംഭവങ്ങൾ, മുൻനിര നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

