കോഴിക്കോട്: മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. പാളയം ജുമാമസ്ജിദിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിനിടെ ഖുതുബാ പ്രഭാഷണം നിർവഹിക്കുകയായിരുന്നു പാളയം പള്ളി ചീഫ് ഇമാം ഡോ.
ഹുസൈൻ മടവൂർ. ജാതി-മത ചിന്തകൾക്ക് അതീതമായി മാനവരാശിയുടെ നന്മയ്ക്കായി ഓരോ പൗരനും ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രഭാഷണത്തിനിടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. “രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സൂക്ഷിക്കണം.
വർഗീയതയും വംശീയ വിദ്വേഷവും ഇല്ലാതാക്കണം. ജാതി മത ചിന്തകൾക്കതീതമായി മനുഷ്യരാശിയുടെ നന്മയ്ക്കായി പൗരന്മാർ ഒന്നിച്ച് നിൽക്കണം.
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. സകലമാന ചൂഷണങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കാനായി മതവിശ്വാസികൾ പരിശ്രമിക്കണം”, എന്ന് ഹുസൈൻ മടവൂർ വ്യക്തമാക്കി.
മോശം കാലാവസ്ഥയെത്തുടർന്ന് ഇത്തവണ കടപ്പുറത്ത് ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നില്ല. ഇതിനെത്തുടർന്ന്, സ്ത്രീകളും കുട്ടികളുമടക്കം വൻ വിശ്വാസി സമൂഹമാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനായി പാളയം പള്ളിയിൽ എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

