ചാലക്കുടിയിൽ ലോഡ്ജിൽ മുറിയെടുത്ത് മദ്യം നൽകി മയക്കിക്കിടത്തിയ ശേഷം സുഹൃത്തിന്റെ സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാളെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി ലിബിൻ ബെന്നി (47) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ കോക്കാട്ട് ലോഡ്ജിലായിരുന്നു സംഭവം. കുറ്റിക്കാട് പുന്നേലിപറമ്പിൽ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള മാലയും ഫോണുമാണ് നഷ്ടപ്പെട്ടത്.
തൃശൂരിൽ ഹോംനഴ്സായി ജോലി ചെയ്തുവരികയാണ് ഷൈജു. ഏതാനും മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് വെച്ചാണ് ഷൈജുവും പ്രതിയും പരിചയപ്പെടുന്നത്.
തുടർന്ന് ഇവർ ഫോണിലൂടെ സൗഹൃദം തുടരുകയും ചെയ്തിരുന്നു. സംഭവദിവസം ഷൈജു വീട്ടിലേക്ക് മടങ്ങുന്ന വിവരം മുൻകൂട്ടി അറിഞ്ഞ പ്രതി, ചാലക്കുടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കാത്തുനിൽക്കുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് ലോഡ്ജിൽ മുറിയെടുക്കുകയും മദ്യം കഴിക്കുകയും ചെയ്തു. മദ്യലഹരിയിൽ ബോധരഹിതനായ ഷൈജുവിനെ കട്ടിലിൽ കിടത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാലയും പോക്കറ്റിലുണ്ടായിരുന്ന ആപ്പിൾ ഫോണും 400 രൂപയും കവർന്ന് പ്രതി മുറിയിൽ നിന്നും കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഷൈജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിലായത്. പ്രതിയുടെ പേരിൽ കുന്നത്തുനാട്, ഇടുക്കി, കുളമാവ് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

