മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ നിർണായക നടപടിയുമായി ഭരണസമിതി. സംഘടനയിലെ നിലവിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്ക് ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. സംഘടനയ്ക്കുള്ളിലെ ഭിന്നതകൾ രൂക്ഷമായതോടെയാണ് പരാതിക്കാരിയായ അൻസിബ ഹസനെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം തീരുമാനിച്ചത്.
എന്നാൽ, നിലവിലെ ഭരണസമിതിക്ക് മുന്നിൽ ഹാജരാകാൻ താല്പര്യമില്ലെന്ന നിലപാടിലാണ് അൻസിബ ഹസൻ. താൻ ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവരടങ്ങുന്ന നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് അൻസിബയുടെ ആവശ്യം.
കൂടാതെ, സമിതിക്ക് മുന്നിലെ മൊഴിയെടുക്കൽ വീഡിയോ റെക്കോർഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 21-ന് നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിന് മുൻപായി സംഘടനയിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാനാണ് ശ്വേത മേനോൻ പ്രസിഡൻ്റായ ഭരണസമിതിയുടെ ശ്രമം.
വിഷയങ്ങൾ നിയമനടപടികളിലേക്കോ പോലീസ് കേസുകളിലേക്കോ നീങ്ങുന്നത് ഒഴിവാക്കാൻ നേതൃത്വം മുൻകൈ എടുക്കുന്നുണ്ട്. അതേസമയം, ‘അമ്മ’യുടെ ജോയിൻ്റ് സെക്രട്ടറി സ്ഥാനം താൻ രാജിവെക്കാൻ കാരണം ടിനി ടോം ആണെന്ന് അൻസിബ ഹസൻ നേരത്തെ ആരോപിച്ചിരുന്നു.
തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നും, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ച പ്രധാന ആരോപണം. സംഘടനയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും, ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രിക്കുൾപ്പെടെ നേരിട്ട് പരാതി നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

