തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. ഡിഎംകെ സർക്കാർ നവഉദാരവൽക്കരണ നയങ്ങളാണ് പിന്തുടരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം കുറ്റപ്പെടുത്തി.
ടിവികെയുടെ പ്രവർത്തനങ്ങളെ ‘റീൽ സർക്കാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഡിഎംകെയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനകീയമായ രോഷത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ ടിവികെയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി ഷണ്മുഖം നടത്തിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ: “ഡിഎംകെ ഭരണത്തിലെ അനധികൃത സ്വത്ത് സമ്പാദനം, അഴിമതി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ എന്നിവയിലേക്ക് ജനശ്രദ്ധ എത്തിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞു.” ദേശീയ തലത്തിൽ കോൺഗ്രസ് ഡിഎംകെയുമായുള്ള സഹകരണം അവസാനിപ്പിച്ചതിനെ കേരളത്തിലെ സിപിഎം നേതൃത്വം വിമർശിക്കുമ്പോഴാണ്, തമിഴ്നാട് ഘടകം ഡിഎംകെയ്ക്കെതിരെ പരസ്യ നിലപാടുമായി മുന്നോട്ട് വരുന്നത്. ടിവികെ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നിലംപതിക്കുമെന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പരാമർശത്തിനെതിരെ നേരത്തെ തന്നെ സിപിഎം വിയോജിപ്പ് അറിയിച്ചിരുന്നു.
സിപിഎം ഉൾപ്പെടെയുള്ള കക്ഷികൾ ടിവികെയെ പിന്തുണച്ചത് ഡിഎംകെയുടെ അനുമതിയോടെയാണെന്ന തരത്തിൽ ഉയർന്നു വന്ന പ്രചാരണങ്ങൾ സിപിഎം നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. തങ്ങൾ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണെന്നും, രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിന് മറ്റേതെങ്കിലും പാർട്ടികളുടെ അനുമതി തങ്ങൾക്ക് ആവശ്യമില്ലെന്നും സിപിഎം തമിഴ്നാട് നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

