എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ രംഗത്ത്. ശ്രീനാരായണ ഗുരുവിന്റെ മാനവിക ദര്ശനത്തോടൊപ്പമാണോ അതോ സംഘപരിവാറിനൊപ്പമാണോ അദ്ദേഹം നിലയുറപ്പിക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വെല്ലുവിളി.
സി. കേശവനില്‍ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഈ വിഷയങ്ങള്‍ ആദ്യമായി ഉന്നയിച്ചത്. നിവര്‍ത്തന പ്രക്ഷോഭ കാലഘട്ടമായ 1935-ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന സി.
കേശവന് നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം പി ജയരാജന് തന്റെ കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. ‘ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു അന്ന് സി.
കേശവന് പ്രഖ്യാപിച്ചത്. പുന്നശ്ശേരി നമ്പിയുടെ ‘ചണ്ഡാല ശാസ്ത്ര’ത്തെ അതിശക്തമായി വിമര്‍ശിച്ചും ഈഴവരെ ‘ചണ്ഡാലര്‍’ എന്ന് വിളിച്ച് ആക്ഷേപിച്ചതിലുള്ള അമര്‍ഷം രേഖപ്പെടുത്തിയും ഹിന്ദുമതവുമായുള്ള പിന്നോക്ക വിഭാഗങ്ങളുടെ അകല്‍ച്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ പ്രസംഗത്തിന്റെ പേരില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷയാണ് സി. കേശവന് അനുഭവിക്കേണ്ടി വന്നത്.
സനാതന ധര്‍മ്മത്തിന്റെ പേരില്‍ ഹിന്ദുമതം നടപ്പിലാക്കിയ അനീതികളെയും വിവേചനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു അന്നത്തെ ആ പ്രഖ്യാപനം. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സമീപകാല ചര്‍ച്ചയില്‍ ‘ഞാന്‍ ഹിന്ദുവാണ്’ എന്നാണ് വെള്ളാപ്പള്ളി നടേശന് അവകാശപ്പെട്ടത്.
ശ്രീനാരായണഗുരു ഒരിക്കലും സ്വയം അത്തരത്തില്‍ വിശേഷിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പി ജയരാജൻ, ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കി രൂപീകരിച്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ശിവഗിരിയിലെ ധര്‍മ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ ‘ഹിന്ദു’ എന്ന പദം കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഗുരുദര്‍ശനങ്ങള്‍ പിന്തുടരുന്നവര് രാജ്യത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെയാണ് അണിനിരക്കേണ്ടത്.
ഈ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നത്. മാനവിക ദര്‍ശനത്തിനൊപ്പമാണോ അതോ സംഘപരിവാറിനൊപ്പമാണോ തന്റെ നിലപാടെന്ന് വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കണം.
ഈ ചോദ്യത്തിന് മറുപടി നല്കിക്കൊണ്ടായിരിക്കണം സംവാദം ആരംഭിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

