പ്രമുഖ സംവിധായകനും നടനുമായ മേജർ രവിയെ അധിക്ഷേപിച്ചതിലും സൈനികരെ അപമാനിച്ചതിലും യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിരമിച്ച സൈനികരുടെ കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബോധപൂർവം സമൂഹത്തിൽ പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് ഇയാൾക്കതിരെ ചുമത്തിയിട്ടുള്ളത്.
യൂട്യൂബ് ചാനൽ ഒന്നിന് നൽകിയ അഭിമുഖത്തിനിടയിലാണ് ശാന്തിവിള ദിനേശ് മേജർ രവിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഈ അഭിമുഖത്തിലെ വാക്കുകൾ രാജ്യത്തിനായി സേവനം അനുഷ്ഠിച്ച സൈനികരെയാകെ അവഹേളിക്കുന്നതാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
‘വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടുള്ള ശാന്തിവിള ദിനേശിന്റെ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഈ സംഭവത്തിൽ ശാന്തിവിള ദിനേശിനെ ഒന്നാം പ്രതിയാക്കിയും അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ദിനേശിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ വിരമിച്ച സൈനികരുടെ വിവിധ കൂട്ടായ്മകൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകുമെന്ന് മേജർ രവി നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

