തുടർച്ചയായ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക പ്രവൃത്തിദിനമായിരിക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുഎഫ്ബിയു പ്രഖ്യാപിച്ച പണിമുടക്ക് കണക്കിലെടുത്ത്, ഉപയോക്താക്കൾക്ക് നേരിട്ട് ശാഖകളിൽ പോയി നിർവഹിക്കേണ്ട
എല്ലാവിധ ഇടപാടുകളും ഇന്ന് തന്നെ പൂർത്തിയാക്കാവുന്നതാണ്. പണിമുടക്ക് ദിവസങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമായി എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും സർവീസ് ചാർജും മൂന്ന് ദിവസത്തേക്ക് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
ഒരു മാസം നിശ്ചിത തവണയിൽക്കൂടുതൽ എടിഎം ഇടപാടുകൾ നടത്തുമ്പോൾ ഈടാക്കുന്ന അധിക ചാർജാണ് ഒഴിവാക്കിയിരിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറുകൾ ഉപയോഗിക്കുന്നതിനും ഈ ദിവസങ്ങളിൽ തടസ്സമുണ്ടാകില്ല.
കൂടാതെ, പണിമുടക്ക് ബാധിക്കാത്ത രീതിയിൽ ഓൺലൈൻ ഇടപാടുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്. ഇന്നത്തെ ബാങ്കിങ് പ്രവർത്തനങ്ങളിൽ പൂർണ്ണമായ സഹകരണം ഉണ്ടാകുമെന്ന് യുഎഫ്ബിയു വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സാധാരണ അവധി ദിവസമായ ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകളാണ് നടക്കുന്നത്. ഞായറാഴ്ച ബാങ്ക് തുറക്കുമെന്നു കാണിച്ച് തുടർച്ചയായി സന്ദേശങ്ങൾ ലഭിക്കുന്നതും, ബാങ്കിൽ പോയില്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.
എന്നാൽ, അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ ചെയ്തു തീർക്കേണ്ടവർ മാത്രം ബാങ്കിലെത്തിയാൽ മതിയെന്നാണ് ബാങ്ക് അധികൃതരുടെ ഔദ്യോഗിക വിശദീകരണം. ബാങ്ക് തുറക്കുന്നു എന്നതുകൊണ്ട് മാത്രം അനാവശ്യ തിരക്ക് കൂട്ടേണ്ടതില്ലെന്നും ജീവനക്കാർ അറിയിക്കുന്നു.
എടിഎം ഉപയോഗത്തിന് സർവീസ് ചാർജ് ഒഴിവാക്കിയ നടപടിയും ചർച്ചാവിഷയമായിട്ടുണ്ട്. ഈ സൗജന്യ സേവനം മൂന്ന് ദിവസത്തേക്ക് മാത്രമായി ചുരുക്കാതെ സ്ഥിരമായി തുടരണമെന്നാണ് പൊതുവെയുള്ള ആവശ്യം.
എടിഎം കൗണ്ടറുകളുടെ വ്യാപനം ബാങ്കുകൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും അതുവഴി ലാഭം വർധിപ്പിക്കുന്നതിനും സഹായകരമായിട്ടുണ്ട്. വാർഷിക ഫീസ് ഈടാക്കുന്നതിന് പുറമെ ഇടപാടുകളുടെ പേരിൽ വീണ്ടും പണം ഈടാക്കുന്നത് ന്യായമല്ലെന്നും ഉപയോക്താക്കൾ വാദിക്കുന്നു.
ആഴ്ചയിൽ അഞ്ച് ദിവസംമാത്രം പ്രവൃത്തിദിനമാക്കുക എന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേശീയതലത്തിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

