പത്തനംതിട്ട ജില്ലയിലെ കായിക ലോകത്ത് ശ്രദ്ധേയനാവുകയാണ് പത്താം ക്ലാസ് വിദ്യാർഥിയായ അൻഷിക് അനീഷ്. ഗുരുതര ശ്വാസകോശ രോഗത്താൽ കഷ്ടപ്പെടുന്ന അമ്മയ്ക്കും പ്ലസ്ടു വിദ്യാർഥിനിയായ സഹോദരിക്കും സ്വന്തമായി ഒരു വീടോ ഭൂമിയോ ഇല്ലാത്ത അതികഠിനമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് ഈ കായികപ്രതിഭ കടന്നുപോകുന്നത്.
ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് സംസ്ഥാന സ്കൂൾ കായികമേളയിൽ 110 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുകൻ. സ്വർണത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല അൻഷിക്, കാരണം കൃത്രിമ ശ്വസന സംവിധാനങ്ങളുടെ സഹായത്തോടെ ജീവിതവുമായി പൊരുതുന്ന അമ്മയ്ക്ക് ഈ വിജയം സമർപ്പിക്കാനാണ് അവൻ ട്രാക്കിലിറങ്ങുന്നത്.
ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് അമ്മാവൻ ശ്രീകുമാറിന്റെ സംരക്ഷണത്തിലാണ് അൻഷികും കുടുംബവും കഴിയുന്നത്. പെയിന്റിങ് തൊഴിലാളിയായ ശ്രീകുമാറിന്റെ മൂന്നര സെന്റിലെ ചെറിയ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബവും അൻഷിക്കിന്റെ കുടുംബവും അടക്കം ആറുപേരാണ് ഒരുമിച്ച് കഴിഞ്ഞിരുന്നത്.
കുടുംബത്തിന്റെ ദുരിതങ്ങൾ തീർക്കാൻ അൻഷിക്കിന്റെ അമ്മ ബിൻസി വിദേശത്ത് ജോലിക്കായി ശ്രമിച്ചിരുന്നെങ്കിലും, ഗുരുതരമായ രോഗബാധയെ തുടർ ആ മോഹവും തകർന്നുപോയി. ഇതിനിടയിൽ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മിന്നൽ പ്രളയത്തിൽ ശ്രീകുമാറിന്റെ വീടും വെള്ളത്തിനടിയിലായി.
കഴിഞ്ഞ അഞ്ച് മാസമായി കൃത്രിമ ശ്വസന ഉപകരണങ്ങളുടെ പിന്തുണയോടെയാണ് ബിൻസി ജീവിക്കുന്നത്. സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ സങ്കീർണ്ണമായ ശസ്ത്രക്രിയ അത്യാവശ്യമാണെങ്കിലും കുടുംബത്തിന് അതിനുള്ള സാമ്പത്തിക സ്ഥിതിയില്ല.
ശസ്ത്രക്രിയയ്ക്ക് ശേഷം അമ്മയ്ക്കും സഹോദരിക്കുമൊപ്പം സുരക്ഷിതമായി കഴിയാൻ സ്വന്തമായി ഒരിടം പോലുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഈ കടുത്ത മനോവിഷമങ്ങൾ നെഞ്ചിലേറ്റിക്കൊണ്ടാണ് കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അൻഷിക് മാറ്റുരയ്ക്കുന്നത്.
ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥിയാണ് അൻഷിക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

