സംസ്ഥാനത്ത് വരാനിരിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ വിഭവങ്ങളുടെ സന്തുലിതവും ജനസംഖ്യാനുപാതികവുമായ വിതരണം നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ലയിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജില്ലയുടെ മുൻകാല വികസന വിടവുകൾ നികത്തുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും എംഎൽഎമാർ സംയുക്തമായി സമർപ്പിച്ച നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച പദ്ധതി ആലോചനാ യോഗത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. 2011-ലെ സെൻസസ് പ്രകാരം സംസ്ഥാന ജനസംഖ്യയായ 3.34 കോടിയിൽ 1.46 കോടിയും മലബാർ മേഖലയിലായിരുന്നു.
എന്നാൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ 2024-ലെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം സംസ്ഥാന ജനസംഖ്യ 3.57 കോടിയായി ഉയർന്നിട്ടുണ്ട്. ജനസംഖ്യയുടെ പകുതിയോളം വരുന്ന മലബാർ മേഖലയിലേക്ക് വിഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് എത്തുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
അഡ്വ. എം.
റഹ്മത്തുള്ള എംഎൽഎ
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ല എന്ന നിലയിൽ പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് അഡ്വക്കേറ്റ് എം റഹ്മത്തുള്ള എംഎൽഎ പറഞ്ഞു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിലുണ്ട്, ഇവയിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണം.
ജില്ലയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും വ്യാവസായിക മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുകയും വേണം. മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനം, ഐടി മേഖലയിലെ മുൻഗണന, സാംസ്കാരിക പൈതൃക സംരക്ഷണം, കൃഷി, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള വികസനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.വി ഇബ്രാഹിം എംഎൽഎ
സംസ്ഥാന ശരാശരിയുടെ പകുതിപോലും വിഭവങ്ങൾ പല മേഖലകളിലും മലപ്പുറത്തേക്ക് എത്തുന്നില്ലെന്ന് വിവിധ സർവെ റിപ്പോർട്ടുകളും ഇക്കണോമിക് റിവ്യൂ കണക്കുകളും വ്യക്തമാക്കുന്നുവെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം നിലനിൽക്കുന്ന അസമത്വം പരിഹരിക്കാൻ ആസൂത്രണ ബോർഡ് അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറി സ്പെഷ്യൽ റൂളും ഹൈക്കോടതി നിർദേശവും പ്രകാരം ഒരു പ്ലസ് വൺ ബാച്ചിൽ 50 കുട്ടികളെ ഇരുത്തേണ്ടതാണെങ്കിലും, മലപ്പുറത്ത് 30 ശതമാനം മാർജിനൽ ഇൻക്രീസും പ്രത്യേക ഉത്തരവുകളും ഉൾപ്പെടെ ഒരു ക്ലാസിൽ 65 മുതൽ 72 വരെ വിദ്യാർത്ഥികൾ പഠിക്കേണ്ട സാഹചര്യമാണുള്ളത്.
തെക്കൻ ജില്ലകളിൽ ഒരു ബാച്ചിലെ ശരാശരി വിദ്യാർത്ഥികളുടെ എണ്ണം 36 മാത്രമായിരിക്കെയാണ് ഈ തിരക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജില്ലയിൽനിന്ന് പ്ലസ് ടു വിജയിക്കുന്ന വിദ്യാർത്ഥികളിൽ 11.7 ശതമാനം പേർക്ക് മാത്രമാണ് സർക്കാർ-എയ്ഡഡ് കോളേജുകളിലും പോളിടെക്നിക്കുകളിലുമായി പഠനസൗകര്യമുള്ളത്.
മറ്റു ജില്ലകളിൽ ഇത് 42 ശതമാനത്തോളമാണ്. ആരോഗ്യ രംഗത്ത് 30,000 പേർക്ക് ഒരു പി.എച്ച്.സി വേണമെന്നിരിക്കെ വലിയ കുറവാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്ത് 928 പേർക്ക് ഒരു കിടക്കയും 5,570 പേർക്ക് ഒരു ഡോക്ടറും ഉള്ളപ്പോൾ, മലപ്പുറത്ത് 1,861 പേർക്ക് ഒരു കിടക്കയും 7,437 പേർക്ക് ഒരു ഡോക്ടറും മാത്രമാണുള്ളത്. തിരുവനന്തപുരത്ത് തൊള്ളായിരത്തിലധികം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുമ്പോൾ മലപ്പുറത്ത് നൂറിൽപ്പരം ബസുകൾ മാത്രമാണുള്ളത്.
കിഫ്ബി വഴി സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ച തുകയിൽ നാല് ശതമാനത്തോളം മാത്രമാണ് മലപ്പുറത്തിന് ലഭിച്ചതെന്ന് സുധാ പിള്ള കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ
ആയുർവേദ മേഖലയുടെ വികസനവും മലബാറിലെ ടൂറിസം സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ ആര്യവൈദ്യശാലയെയും അതിന്റെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെയും ഒരു ആയുർവേദ സർവകലാശാലയാക്കി മാറ്റണമെന്ന ആവശ്യം ഇനിയും പൂർണ്ണതയിലെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ ടൂറിസം പദ്ധതികൾ മലബാർ മേഖലയിൽ കൂടുതൽ നടപ്പിലാക്കണം.
കൂടാതെ, ജനസംഖ്യാനുപാതികമായി സർക്കാർ എൻജിനീയറിങ് കോളേജുകളുടെ കുറവുണ്ടെന്നും പ്രവാസികളുടെ അറിവുകളും സമ്പത്തും കേരളത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി അഷ്റഫലി എംഎൽഎ
ഉയർന്ന ജനസംഖ്യയും വിഭവസ്രോതസ്സുകളും കണക്കിലെടുത്ത് പദ്ധതി വിഹിതവും ഉദ്യോഗസ്ഥരുടെ എണ്ണവും വർദ്ധിപ്പിക്കണമെന്ന് ടി.പി അഷ്റഫലി എം.എൽ.എ അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയിലെ തിരക്ക് ഒഴിവാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. കരിപ്പൂർ എയർപോർട്ട് സിയാൽ-കിയാൽ മാതൃകയിൽ വികസിപ്പിക്കുകയും ടൂറിസം, വ്യവസായ മേഖലകളിൽ നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറ്റം ഉണ്ടാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
വി എസ് ജോയി എംഎൽഎ
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ നടത്തുന്ന ആശയരൂപീകരണ യോഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ അവസരമാണെന്ന് വി.എസ്. ജോയി എം.എൽ.എ വ്യക്തമാക്കി.
ജില്ലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി ജനസംഖ്യാനുപാതികമായ വിഭവവിതരണവും പ്ലാൻ ഷെയറും ഉറപ്പാക്കണം. ആരോഗ്യമേഖലയിലെ അപര്യാപ്തതകൾ പരിഹരിക്കുക, പ്രവാസി ക്ഷേമത്തിന് മുൻഗണന നൽകുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
പി കെ നവാസ് എംഎൽഎ
ആരോഗ്യ, തീരദേശ, വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് പി.കെ നവാസ് എം.എൽ.എ അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയുടെ അടുത്ത അഞ്ച് വർഷത്തെ സമഗ്രമായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള ആശയരൂപീകരണ ചർച്ചകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

