രാജ്യത്ത് സ്വർണത്തിന്റെയും വെള്ളിയുടെയും വിപണി വിലയിൽ വൻ ഇടിവുണ്ടാകാൻ കളമൊരുങ്ങുന്നു. മെയ് മാസത്തിലാണ് കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്.
ഈ നടപടിക്ക് തൊട്ടുമുമ്പ്, നരേന്ദ്ര മോദി ജനങ്ങളോട് ഒരു ആഹ്വാനം നടത്തിയിരുന്നു. ‘‘അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണം’’ എന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.
ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പണപ്പെരുപ്പ ഭീഷണി ശക്തമാവുകയും രൂപയുടെ മൂല്യവും വിദേശനാണയ ശേഖരവും കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തീരുവ വർധിപ്പിച്ചത്. എന്നാൽ, ഈ നിയന്ത്രണങ്ങൾക്ക് ശേഷവും സ്വർണ ഇറക്കുമതിയിൽ വലിയ കുറവൊന്നും രേഖപ്പെടുത്തിയില്ല.
അതേസമയം, രാജ്യത്ത് സ്വർണ കള്ളക്കടത്ത് ഗണ്യമായി വർധിച്ചുവെന്ന വിമർശനവും ശക്തമായി ഉയർന്നു വന്നു. പ്രതിവർഷം ശരാശരി 800 ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി വർധിപ്പിച്ച മെയ് 13 മുതൽ ജൂൺ 30 വരെയുള്ള 48 ദിവസത്തിനിടയിൽ മാത്രം 106 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടികൂടിയതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ഉയർന്ന തീരുവ തുടർന്നാൽ നടപ്പുവർഷം കള്ളക്കടത്ത് കേസുകളിൽ വൻ വർധനവുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അനധികൃത മാർഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് സ്വർണം കടത്തുന്നവർക്ക് ഒരു കിലോഗ്രാമിന് 20 ലക്ഷം രൂപ വരെ ലാഭം ലഭിക്കുമെന്നാണ് സ്വർണവ്യാപാരികളുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ സ്വർണ ഇറക്കുമതി തീരുവ കൂട്ടിയ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് വിവരം.
എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്വർണത്തിന്റെ തീരുവ വീണ്ടും പഴയ നിരക്കായ 6 ശതമാനത്തിലേക്ക് കുറയ്ക്കാൻ സർക്കാർ തയാറായാൽ ഗ്രാമിന് 1,200 രൂപയിലധികം വിലക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ഇതുവഴി ഒരു പവന് ഏകദേശം 10,000 രൂപ വരെ കുറയാൻ ഇടയുണ്ട്. കൂടാതെ വെള്ളിയുടെ ഇറക്കുമതി തീരുവയും ഇതേ രീതിയിൽ കുറച്ചേക്കുമെന്നാണ് സൂചന.
അതേസമയം, കേരളത്തിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,940 രൂപയിലും, പവന് 560 രൂപ കുറഞ്ഞ് 1,19,520 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

