ചെന്നൈയിൽ ഡി.എം.കെ ആസ്ഥാനത്ത് സംഘടിപ്പിച്ച ‘മുപ്പെറും വിഴ’ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്ത്.
മിസ നിയമപ്രകാരം തനിക്കെതിരെയുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിൽ അദ്ദേഹം വൈകാരികമായാണ് പ്രതികരിച്ചത്. മിസയിലെ അറസ്റ്റ് തനിക്ക് ഒരിടത്തും തെളിയിക്കേണ്ടതില്ലെന്നും തന്റെ ത്യാഗങ്ങൾ ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഇല്ലാതാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഭരണരീതിക്കെതിരെയും സ്റ്റാലിൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു.
ടി.വി.കെ സർക്കാരിന്റെ ഭരണം തമിഴ്നാടിനെ 25 വർഷം പിന്നോട്ടടിച്ചതായും സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച നടപടിയെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെയും അദ്ദേഹം വിമർശിച്ചു.
തമിഴ്നാട് കുറ്റവാളികളുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വൈദ്യുതമുടക്കത്തിനും അരിവാൾ ആക്രമണങ്ങൾക്കും ഇടയിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിനെതിരെയും സ്റ്റാലിൻ പരിഹാസമുയർത്തി.
“പണ്ട് ലോക്കൽ ഷൂട്ടിങ്ങായിരുന്നു, എന്നാൽ ഇപ്പോൾ ഫോറിൻ ഷൂട്ടിങ്ങായി. എന്തിനാണ് വിജയ് ലണ്ടനിൽ പോയത്? ഇന്ത്യൻ കമ്പനിയുമായി കരാറിൽ ഒപ്പിടാൻ ലണ്ടൻ വരെ പോകണോ?” എന്ന് അദ്ദേഹം ചോദിച്ചു.
അഭിനയം നിർത്തിയെന്ന് വിജയ് അവകാശപ്പെട്ടെങ്കിലും ഇപ്പോൾ റീൽസിനായാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും സ്റ്റാലിൻ പരിഹസിച്ചു. കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരത്തിൽ നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്റ്റാലിനെ ലക്ഷ്യമിട്ട് വിജയ് നടത്തിയ പരാമർശങ്ങളാണ് ഈ വാഗ്വാദങ്ങൾക്ക് ആധാരം.
മിസ നിയമം കണ്ടവരാണ് തങ്ങളെന്ന പരാമർശത്തിനിടെ വിജയ് തന്റെ വലതുകൈ താടിയെല്ലിനോട് ചേർത്തുപിടിച്ച് ആംഗ്യം കാണിച്ചിരുന്നു. മിസ തടവിലായിരുന്ന കാലത്ത് ക്രൂരമർദനമേറ്റ് തന്റെ താടിയെല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് സ്റ്റാലിൻ മുൻപ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ ചരിത്രത്തെ പരിഹസിക്കുന്നതാണ് വിജയുടെ ആംഗ്യമെന്ന ആക്ഷേപം വലിയ ചർച്ചയായിരുന്നു. എന്നാൽ വിവാദങ്ങൾ ശക്തമായതോടെ, മിസ തടവിന് ഔദ്യോഗിക രേഖകളില്ലെന്ന് വാദിച്ച് ടി.വി.കെ മന്ത്രി നിർമൽകുമാർ ഉൾപ്പെടെയുള്ളവർ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

