വടകര നഗരസഭയുടെ കീഴിലുള്ള മുന്നൂറു മുറികളുള്ള ബിഒടി കെട്ടിടത്തിന്റെ ദുരവസ്ഥ തുടരുന്നു. പതിനൊന്ന് വര്‍ഷം മുമ്പ് ഈ കെട്ടിടത്തില്‍ ഒരു മുറിയുടെ താക്കോൽ വാങ്ങിയത് ആരെന്ന് ഇനിയും വ്യക്തമല്ല.
2015 ജൂണില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണനാണ് പണി പൂർത്തിയാകാത്ത കെട്ടിടത്തിലെ ഒരു മുറിയുടെ താക്കോൽ നൽകി കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ 11 വർഷമായിട്ടും താക്കോൽ ഏറ്റു വാങ്ങിയ ആൾ ആ മുറിയിൽ കച്ചവടം തുടങ്ങിയിട്ടില്ല.
ഇതോടൊപ്പം തന്നെ കെട്ടിടത്തിലെ മറ്റ് മുറികളും പൂർണ്ണമായും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. നാരായണ നഗറിൽ ബിഒടി അടിസ്ഥാനത്തിൽ നഗരസഭയും ഹോളിഡേ ഗ്രൂപ്പും ചേർന്ന് നിർമിച്ച ഈ വാണിജ്യ സമുച്ചയം ഇപ്പോഴും പൂർണ്ണമായും കാലിയാണ്.
നഗരസഭ നൽകിയ 2 ഏക്കർ ഭൂമിയിലാണ് കെട്ടിടം പണിയാൻ പണം മുടക്കിയത്. എന്നാൽ, 2006 ൽ പദ്ധതിയിട്ട
ഈ ബിഒടി സംരംഭം ഇന്നും ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. 2015ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതിനെത്തുടർന്ന് 2020ൽ നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റും നൽകിയിരുന്നു.
എന്നിട്ടും മുറികൾ ഇതുവരെ വാടകയ്ക്കു നൽകാൻ അധികൃതർക്കായിട്ടില്ല. ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുൻപേ ലേലം പോലും നടത്താതെ, ഉദ്ഘാടനത്തിനു മുൻപ് ആളെ കണ്ടെത്തി താക്കോൽ നൽകിയ നടപടിയെ യുഡിഎഫ് അന്ന് ശക്തമായി വിമർശിച്ചിരുന്നു.
നഗരത്തിലെ പ്രധാന ഭാഗത്ത് നഗരസഭയുടെ മൈതാനത്തിന്റെ വലിയൊരു ഭാഗം ഉപയോഗിച്ച് പണി കഴിപ്പിച്ച ഈ കെട്ടിടം അടഞ്ഞുകിടക്കുന്നത് മൂലം നഗരസഭയ്ക്കും നിർമാണ കമ്പനിയായ ഹോളിഡേ ഗ്രൂപ്പിനും കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യവസ്ഥകൾ പ്രകാരം മുറികൾ വാടകയ്ക്ക് നൽകി ലഭിക്കുന്ന അഡ്വാൻസും വാടകയും കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് നഗരസഭയും ഹോളിഡേ ഗ്രൂപ്പും പങ്കിട്ടെടുക്കേണ്ടതാണ്.
നിർമാണം പൂർത്തിയായി 25 വർഷം പിന്നിട്ടാൽ കെട്ടിടത്തിന്റെ പൂർണ്ണ അവകാശം നഗരസഭയ്ക്ക് മാത്രമായി മാറും. എന്നാൽ മുറികൾ വാടകയ്ക്ക് പോകാത്തതു കാരണം ഹോളിഡേ ഗ്രൂപ്പ് വർഷം തോറും അടയ്ക്കുന്ന 24 ലക്ഷം രൂപ മാത്രമാണു നഗരസഭയ്ക്ക് ലഭിക്കുന്ന ആകെയുള്ള വരുമാനം.
കമ്പനിക്ക് യാതൊരുവിധ വരുമാനവും ലഭിക്കാത്തതിനാൽ ഈ തുക പൂർണ്ണമായും നഷ്ടമായി മാറുകയാണ്. വലിയ ഷോപ്പിങ് മാളുകൾ വരും എന്ന പ്രതീക്ഷയിൽ മുറികൾ തരം തിരിച്ചു നല്‍കാതെ വർഷങ്ങളായി കാത്തിരിക്കുകയാണെങ്കിലും, അത്തരം സംരംഭകരും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

