നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, അവിടെയുള്ള കേരളീയർക്ക് ആവശ്യമായ അടിയന്തര സഹായങ്ങളും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന്റെ ഭാഗമായി നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശാനുസരണമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവന് അറിയിച്ചു.
ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 18004253939 ലോക്കൽ ആയും, വിദേശത്തു നിന്നും വിളിക്കുന്നവർക്ക് +91-8802012345 (മിസ്ഡ് കോൾ സേവനം) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. ഈ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി എൻ.ആർ.കെ ഡെവലപ്മെന്റ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രളയത്തിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
ദുരിതബാധിതരായ ഇന്ത്യക്കാർക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി എംബസി +977 985 131 6807, +977 970 910 7500 എന്നീ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജീകരിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രകൃതിദുരന്തത്തിൽ കുടുങ്ങിയ മലയാളികൾക്കും, ബന്ധുക്കൾ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയമുള്ളവർക്കും വേണ്ടിയുള്ള പ്രത്യേക അടിയന്തര ഇടപെടലുകളും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുണ്ട്.
1070 എന്ന ടോൾ ഫ്രീ നമ്പറിന് പുറമെ 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ മലയാളികൾ ആരെങ്കിലും അകപ്പെട്ടതായി സംശയിക്കുന്നുവെങ്കിൽ ആ വിവരം 1070 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്.
പ്രളയബാധിതനായ മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ദുരന്തമേഖലയിൽ എത്തിച്ചേർന്നതായി കരുതുന്ന തീയതി, ഏറ്റവും ഒടുവിൽ ബന്ധപ്പെടാൻ സാധിച്ച സമയം, കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ ഏജൻസിയുടെ പേര് തുടങ്ങിയ വിവരങ്ങൾ സഹിതം വേണം ബന്ധപ്പെടാൻ. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ഔദ്യോഗിക സംവിധാനങ്ങൾ വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാളിലുള്ള സ്വന്തം കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കാത്തവർക്ക് 9447111844, 9747132147 എന്നീ നമ്പറുകൾ വഴി മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

