പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കുമേൽ പൊലീസ് കേസെടുക്കുന്ന നടപടിയിൽ ശക്തമായ എതിർപ്പുമായി സിജെപി രംഗത്ത്. നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ദില്ലിയിൽ സംഘടിപ്പിച്ച സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേരെ വ്യാപകമായ പൊലീസ് നടപടിയാണ് ഉണ്ടാകുന്നത്. അസം, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതിൽ ബിഹാറിൽ തേജ് പ്രതാപ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നിലവിൽ ജയിലിലാണ്. സമരത്തിൽ പങ്കെടുത്തവർക്കെതിരെ ദില്ലിയിലോ മറ്റ് പ്രദേശങ്ങളിലോ യാതൊരുവിധ കേസുകളും ഉണ്ടാകില്ലെന്നായിരുന്നു സർക്കാർ നൽകിയിരുന്ന പ്രധാന ഉറപ്പ്.
എന്നാൽ ഈ വാഗ്ദാനം പൂർണ്ണമായി ലംഘിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ എഫ്ഐആറുകളും അടിയന്തരമായി പിൻവലിക്കണമെന്നാണ് സിജെപിയുടെ മുഖ്യ ആവശ്യം.
സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തത് രാജ്യത്തെ യുവജനങ്ങളോടുള്ള കടുത്ത വിശ്വാസവഞ്ചനയാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും രേഖാമൂലമുള്ള ഉറപ്പ് നാളെ ലഭിക്കാനിരിക്കെയാണ് വാഗ്ദാനങ്ങളും പ്രവൃത്തികളും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന ആരോപണം ശക്തമാകുന്നത്.
ഈ നിലപാടിൽ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ പ്രക്ഷോഭം കൂടുതൽ തീവ്രമാക്കുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണം തൽക്കാലം ആലോചനയിലില്ലെന്നും രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനമെന്നും സൂചനയുണ്ട്.
പഞ്ചാബിലുയർന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ ഇടപെടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സംഘടനയുടെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലും കലാലയങ്ങളിലും സിജെപിയുടെ ഔദ്യോഗിക യൂണിറ്റുകൾ ഉടൻ തന്നെ സജ്ജീകരിക്കും.
അതിനിടെ, സിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമാണുണ്ടായത്. സമരം ചെയ്യുന്നവരുടെ മേൽ പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കുകയുണ്ടായി.
പൊലീസിനും കേന്ദ്രസേനയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സിജെപി നൽകിയതടക്കമുള്ള ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർണായക താക്കീത്. കേസിൽ വിശദമായ വാദം കേൾക്കൽ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടയിൽ, സമരക്കാരായ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് സിആർപിഎഫ് കണ്ടെത്തുകയും ചെയ്തു. പ്രതിഷേധക്കാർക്കെതിരെ ആകെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സിആർപിഎഫിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

