ചെറുപുഴ: നീണ്ട വർഷത്തെ പ്രയത്നത്തിനൊടുവിൽ തെങ്ങുകയറ്റ തൊഴിലിന് ഔദ്യോഗിക വിരാമമിട്ട് മേലുത്താനിയിലെ കോയിക്കൽ ലാലു സമൂഹമാധ്യമത്തിലൂടെ നടത്തിയ വിരമിക്കൽ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടുന്നു.
‘പ്രിയമുള്ളവരേ, നീണ്ടവർഷത്തെ സേവനത്തിനുശേഷം തേങ്ങ പറിക്കുന്നതിൽനിന്ന് ഞാൻ വിരമിക്കുകയാണെന്നും ഇതുവരെ സഹകരിച്ച എല്ലാവർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുവെന്നു’ ആയിരുന്നു ലാലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൊഴിൽ അവസാനിപ്പിക്കണമെന്ന് കുറച്ചുകാലമായി ആലോചിക്കുന്നുണ്ടായിരുന്നെങ്കിലും, സ്ഥിരമായി തേങ്ങ പറിക്കാൻ പോകുന്ന തോട്ടങ്ങളുടെ ഉടമകളും സുഹൃത്തുക്കളും വിളിക്കുമ്പോൾ നിരസിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു.
ഈ പ്രതിസന്ധി ഒഴിവാക്കാനാണ് സമൂഹമാധ്യമത്തിലൂടെ പരസ്യമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയതെന്ന് 50 കാരനായ ലാലു വ്യക്തമാക്കുന്നു. ഇനി സ്വന്തം കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
മികച്ച ഒരു കർഷകൻ കൂടിയായ ലാലുവിന് ഇതിനോടകം നിരവധി കർഷകത്തൊഴിലാളി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. തന്റെ 22–ാം വയസ്സിൽ തെങ്ങുകയറ്റ ജോലി ആരംഭിക്കുമ്പോൾ ഒരു തെങ്ങിന് 3 രൂപയായിരുന്നു കൂലി.
കാലക്രമേണ അത് മാറി ഇന്നത് 50 രൂപയായി ഉയർന്നിട്ടുണ്ട്. തൊഴിലിൽ നല്ല വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഇന്നത്തെ തലമുറയിലെ പുതിയ ആളുകൾ ഈ മേഖലയിലേക്ക് കടന്നുവരാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആരും വിളിക്കാതെ തന്നെ വർഷങ്ങളായി കൃഷിയിടങ്ങളിലെത്തി കൃത്യസമയത്ത് തേങ്ങ പറിച്ചിരുന്ന ലാലുവിന്റെ അപ്രതീക്ഷിത വിരമിക്കൽ ഇവിടത്തെ കർഷകരെ അൽപ്പം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭാര്യ അജിതയും വിദ്യാർത്ഥികളായ ധന്യ, ധനേഷ്, ധനുഷ എന്നിവർ അടങ്ങുന്നതാണ് കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

