രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയുടെ അസാധാരണമായ ആത്മവിശ്വാസത്തെക്കുറിച്ചും കളിക്കളത്തിലെ മികവിനെക്കുറിച്ചും വെളിപ്പെടുത്തി ടീം ഹെഡ് കോച്ച് കുമാർ സംഗക്കാര. ഇംഗ്ലണ്ട്-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ കമന്ററി ബോക്സിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന നിർണായക മത്സരത്തിനിടെയായിരുന്നു സംഭവം. 221 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങുമ്പോൾ ടീം വലിയ സമ്മർദ്ദത്തിലായിരുന്നു.
എന്നാൽ, ക്രീസിലേക്ക് ഇറങ്ങും മുൻപ് തന്നെ അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമാണ് 15-കാരനായ വൈഭവ് പ്രകടിപ്പിച്ചതെന്ന് സംഗക്കാര ഓർക്കുന്നു. “കോച്ച്, ഒട്ടും പേടിക്കേണ്ട.
കാര്യം കഴിഞ്ഞു” എന്ന് തന്നോട് കണ്ണിറുക്കി പറഞ്ഞ ശേഷമാണ് വൈഭവ് ഗ്രൗണ്ടിലേക്ക് നടന്നത്. ഡ്രെസ്സിങ് റൂമിലിരുന്ന സഹതാരങ്ങളായ ഡൊണാവൻ ഫെരേര, ലുവാൻ-ഡ്രെ പ്രിട്ടോറിയസ് എന്നിവരോട്, “നിങ്ങൾ രണ്ടുപേരും കേട്ടോ, ഞാൻ ഇന്ന് 13 സിക്സറുകൾ അടിക്കും.
അത് കഴിഞ്ഞിട്ട് ബാക്കി ഭാഗം നിങ്ങൾ വന്ന് തീർത്താൽ മതി” എന്ന് വൈഭവ് വെല്ലുവിളിച്ചിരുന്നു. തുടക്കത്തിൽ തമാശയായി തോന്നിയെങ്കിലും, കളത്തിൽ ലക്നൗ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വൈഭവ് നിലംപരിശാക്കി.
38 പന്തിൽ 93 റൺസ് അടിച്ചെടുത്ത താരം 10 സിക്സറുകളാണ് അന്ന് പറത്തിയത്. അഞ്ചാമത്തെ സിക്സർ കഴിഞ്ഞപ്പോൾ തന്നെ ഡ്രെസ്സിങ് റൂമിലുള്ളവർ അവന്റെ സിക്സറുകൾ എണ്ണിത്തുടങ്ങിയിരുന്നുവെന്നും സംഗക്കാര കൂട്ടിച്ചേർത്തു.
അത്യധികം വിനയമുള്ള താരം എന്നും, ക്രിക്കറ്റാണ് അവന്റെ ജീവവായുവെന്നും സംഗക്കാര പറഞ്ഞു. ഐപിഎൽ 2026 സീസണിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ്, ടി20 ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1,000 റൺസ് (440 പന്തിൽ) തികയ്ക്കുന്ന താരമെന്ന റെക്കോഡും കുറിച്ചു.
കൂടാതെ ഒരു ഐപിഎൽ സീസണിലെ പവർപ്ലേയിൽ മാത്രം 500 റൺസ് നേടുന്ന ആദ്യ താരമായും മാറി. നിലവിൽ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിലാണ് താരം.
വരാനിരിക്കുന്ന മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചാൽ, രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോഡ് വൈഭവ് സൂര്യവംശിക്ക് മറികടക്കാനാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

