ബോളിവുഡ് താരം സുനിൽ ഷെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ കുടുംബത്തിന്റെ, പ്രത്യേകിച്ച് 15 മാസം പ്രായമുള്ള പേരക്കുട്ടിയുടെ കൗതുകകരമായ ആരാധനയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് നടൻ ഈ വിശേഷങ്ങൾ പങ്കുവെച്ചത്.
രാഷ്ട്രീയത്തിനപ്പുറം ഒരു മികച്ച നേതാവ് എന്ന നിലയിലാണ് താൻ നരേന്ദ്ര മോദിയുടെ ആരാധകനായതെന്ന് സുനിൽ ഷെട്ടി വ്യക്തമാക്കി. ഇതിനുപിന്നാലെ തന്റെ പേരക്കുട്ടി ഇവാര (നടി അതിയ ഷെട്ടിയുടെയും ക്രിക്കറ്റ് താരം കെ.എൽ രാഹുലിന്റെയും മകൾ) മോദിയോട് കാണിക്കുന്ന അടുപ്പത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സുനിൽ ഷെട്ടി പറഞ്ഞതിങ്ങനെ: “നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും, എന്റെ കൊച്ചുമകൾക്ക് ഇപ്പോൾ 15 മാസം മാത്രമാണ് പ്രായം. ഒരിക്കൽ വിമാനത്താവളത്തിൽ വെച്ച് അവളുടെ നാനിമാരിൽ ഒരാളാണ് എയർപോർട്ടിന് പുറത്തുള്ള ചിത്രം കാണിച്ച് ഇത് ‘മോദി ജി’ ആണെന്ന് പറഞ്ഞു കൊടുത്തത്.
ഇപ്പോൾ ദിവസവും രാവിലെ എഴുന്നേറ്റാൽ അവൾ നരേന്ദ്ര മോദിയുടെ ചിത്രമുള്ള പുസ്തകം തുറന്ന് ‘മോദി ജി, മോദി ജി’ എന്ന് വിളിക്കും. തുടർന്ന് വീട്ടിലെ ഗണപതി വിഗ്രഹത്തിന് മുന്നിൽ നിന്ന് മോദിജിയുടെ ചിത്രത്തിന് നേരെ പൂജ നടത്താൻ ശ്രമിക്കും.” കുട്ടിയെ ആരും ഇത്തരം കാര്യങ്ങൾ നിർബന്ധിച്ച് പഠിപ്പിച്ചതല്ലെന്നും താനോ മാതാപിതാക്കളോ നാനിയോ ഇതിനായി പ്രത്യേക പരിശീലനം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി എന്ന വ്യക്തിത്വത്തിൽ ഒരു പ്രത്യേക മാന്ത്രികതയുണ്ടെന്നും, അത് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ തിരിച്ചറിയുന്നുണ്ടെന്നുമാണ് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടത്. ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

