കൊച്ചി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സിനഗോഗിന് തീയിട്ടതുൾപ്പെടെയുള്ള കേസുകളിൽ അറസ്റ്റിലായ എബിൻ പോളിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി. 18-ാം തീയതി ഉച്ചവരെ നീണ്ടുനിന്ന കശനമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയെ സംഭവസ്ഥലങ്ങളിൽ എത്തിച്ചത്.
വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ് നീക്കങ്ങൾ. പ്രതി തീയിടാൻ ശ്രമം നടത്തിയ ബ്രോഡ്വേയിലെ സിനഗോഗിലാണ് ആദ്യഘട്ടത്തിൽ തെളിവെടുപ്പ് നടത്തിയത്.
തുടർന്ന് കമ്പിത്തിരി വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കട, ലൈറ്റർ വാങ്ങിയ പുത്തൻകുരിശിലെ കട, പെട്രോൾ വാങ്ങിയ പെട്രോൾ പമ്പ് എന്നിവിടങ്ങളിലും സംഘം എത്തി. ഇതിനുപുറമെ, മൂവാറ്റുപുഴയിലെ ഷോറൂമിന് തീയിടാൻ പെട്രോൾ ശേഖരിച്ച പമ്പ്, മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂം, വാളകം അമ്പലപ്പടിയിലെ വീട് എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ച് തെളിവുകൾ ശേഖരിച്ചു.
പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. എറണാകുളം സെൻട്രൽ എസിപി സിബി ടോം, ഇൻസ്പെക്ടർമാരായ അനീഷ് ജോയ്, എം.എസ്.ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
പ്രതിയുടെ ഫോണിൽ നിന്ന് വീണ്ടെടുക്കുന്ന തെളിവുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ അടിസ്ഥാനമാക്കി വീണ്ടും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടായേക്കും. എബിന് ലഭിച്ച 2 ലക്ഷം രൂപയുടെ ബിറ്റ്കോയിൻ രൂപമാറ്റം വരുത്തി അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മറ്റ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഉള്ള അന്വേഷണം പുരോഗമിക്കുകയാണ്. കളമശേരി സ്ഫോടനക്കേസ് പ്രതിയും ജൂതപ്പള്ളിയുൾപ്പെടെയുള്ള ഇടങ്ങളിൽ തീയിടാൻ ശ്രമിച്ച പ്രതിയും ഒരേ കടയിൽ നിന്നാണ് വെടിക്കോപ്പുകൾ വാങ്ങിയതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
കടവുഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) തീയിടാൻ ശ്രമിക്കവെ എബിൻ പോൾ തീകൊളുത്താനായി കമ്പിത്തിരി വാങ്ങിയത് 2023 ലെ കളമശേരി സ്ഫോടനക്കേസിലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് ഉപയോഗിച്ച ഗുണ്ടുകൾ വാങ്ങിയ അതേ പടക്കക്കടയിൽ നിന്നാണ്. വടക്കേക്കോട്ട
ചക്കാലമുട്ടിലെ ‘ഫ്ലാഷ് ഫയർ വർക്സ്’ എന്ന സ്ഥാപനത്തിൽ നിന്നാണ് ഇരുവരും വെടിക്കോപ്പുകൾ വാങ്ങിയിട്ടുള്ളത്. ഈ പടക്കക്കടയിൽ പ്രതിയെ എത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
പെട്രോളിൽ മുക്കിയ ശേഷം കമ്പിത്തിരി കത്തിച്ചാണ് കൃത്യം നിർവഹിച്ചതെന്നാണ് സൂചന. കഴിഞ്ഞ 11-ാം തീയതി രാത്രി 9.30-ഓടെ കടയിലെത്തിയ പ്രതി 15 സെന്റീമീറ്റർ നീളമുള്ള 2 പാക്കറ്റ് കമ്പിത്തിരിയാണ് വാങ്ങിയത്.
ഇതിനായി 200 രൂപ ഓൺലൈൻ മുഖേനയാണ് നൽകിയതെന്ന് കടയുടമ വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ പ്രതിയെ കടയിലെത്തിച്ചപ്പോൾ ജീവനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
പണം നൽകിയതിന്റെ ഡിജിറ്റൽ രേഖകളും പൊലീസ് സംഘം ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തു. വാളകം അമ്പലംപടിയിലെ വീട്ടിലും മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിലും നടത്തിയത് പരീക്ഷണാടിസ്ഥാനത്തിലുള്ള തീവെപ്പുകൾ ആയിരുന്നുവെന്നാണ് എബിൻ പോൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
സ്വന്തം കഴിവ് തെളിയിക്കാനായിരുന്നു ഈ ശ്രമങ്ങളെന്നും ഓരോ സംഭവത്തിനും 10,000 രൂപ വീതം ഫോൺപേ വഴി അക്കൗണ്ടിൽ എത്തിയതായും മൊഴിയിലുണ്ട്. അമ്പലംപടിയിലെ ആൾത്താമസമില്ലാത്ത വീട്ടിൽ ജനുവരിയിലും മാർച്ചിലുമായി രണ്ട് തവണ തീയിട്ടിട്ടുണ്ടെന്നാണ് ഇയാൾ സമ്മതിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ ജനാലകളിലും പിന്നീട് മുൻവാതിലിലും പെട്രോൾ ഒഴിച്ചാണ് തീപടർത്തിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അയച്ചു നൽകിയ ശേഷമാണ് പണം ലഭിച്ചതെന്നും ‘ബോസ്’ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തീയിട്ടതെന്നും എബിൻ പൊലീസിനോട് വെളിപ്പെടുത്തി.
സംഭവസ്ഥലത്ത് ദൃശ്യങ്ങൾ പകർത്തുന്ന പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിലും പതിഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

