നിർധനരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്നതിനായി സർക്കാർ ആവിഷ്കരിച്ച ‘വിദ്യാകിരണം’ പദ്ധതിയിൽ നിന്നും ജില്ലയിലെ 29 വിദ്യാർഥികൾ പുറത്തായി. ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് കൈത്താങ്ങേകാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്.
2025 ജൂൺ മാസത്തിൽ 250-ലധികം അപേക്ഷകളാണ് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസിൽ സമർപ്പിക്കപ്പെട്ടത്. ലഭ്യമായ മുഴുവൻ അപേക്ഷകളിലും പരിശോധന പൂർത്തിയാക്കി അർഹരായവരെ കണ്ടെത്തിയതായാണ് സാമൂഹിക നീതി വകുപ്പ് അധികൃതരുടെ വിശദീകരണം.
എന്നാൽ, അപേക്ഷ നൽകിയതിൽ അവസാനത്തെ 29 കുട്ടികൾക്ക് തുക ലഭിക്കാൻ ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഫണ്ട് ലഭ്യതയിൽ തടസ്സം നേരിട്ടതാണ് സഹായം വൈകാൻ കാരണമെന്നാണ് ഔദ്യോഗിക നിലപാട്.
പദ്ധതി പ്രകാരം ഒന്നു മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 300 രൂപയും, 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് 500 രൂപയും ലഭിക്കുന്നു. കൂടാതെ ഡിഗ്രി, പിജി, പോളിടെക്നിക്, പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ വീതമാണ് നൽകുന്നത്.
2025 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലെ തുകയാണ് ഇവർക്ക് ലഭിക്കാനുള്ളത്. തിരഞ്ഞെടുപ്പിന്റെ പേരിൽ സാമൂഹിക നീതി പദ്ധതികൾ തടസ്സപ്പെട്ടതിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
ഇതിനിടയിൽ, പുതിയ അപേക്ഷകൾക്കായി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്. കുടിശിക തുക അടിയന്തരമായി വിതരണം ചെയ്യുമെന്ന അധികൃതരുടെ ഉറപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
സാമൂഹിക നീതി വകുപ്പിന്റെ പ്രവർത്തനങ്ങളിലെ വീഴ്ചയ്ക്കെതിരെ വിമർശനവുമായി സോഷ്യൽ ജസ്റ്റിസ് ഫോറം രംഗത്തെത്തി. “സാമൂഹിക നീതിയുടെ പ്രസക്തമായ ഭാഗമാണ് ഭിന്നശേഷി പദ്ധതികൾ.
അതിൽ പിഴവു വരാൻ പാടില്ലാത്തതാണ്. അർഹരായ ആളുകൾക്ക് വിവേചനം ഇല്ലാതെ ആനുകൂല്യം കൊടുക്കാൻ നടപടി വേണം.” എന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

