ഹയർ സെക്കൻഡറി പരീക്ഷാഫലം പുറത്തുവരുമ്പോൾ തിരുവനന്തപുരം ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. പരീക്ഷ എഴുതിയവരിൽ 72.97 ശതമാനം പേരും വിജയം കൈവരിച്ചു.
മുൻവർഷത്തെ 71.23 ശതമാനം എന്ന വിജയശതമാനത്തിൽ നിന്നും നേരിയ വർധനവ് രേഖപ്പെടുത്താൻ ജില്ലയ്ക്ക് സാധിച്ചു. 1200-ൽ 1200 മാർക്കും നേടി സമ്പൂർണ്ണ വിജയം കരസ്ഥമാക്കിയ 14 വിദ്യാർഥികൾ ജില്ലയിലുണ്ട്.
കഴിഞ്ഞ വർഷം 3 പേർ മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചത്. കൂടാതെ 2564 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
1200 മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും തലസ്ഥാനം നിലനിർത്തി. കുടുംബത്തിലെ വലിയൊരു ദുരന്തത്തിന്റെ നടുവിലും അക്കാദമിക് മികവ് കൈവിടാതിരുന്ന **എ.പി.കൃഷ്ണ** എന്ന വിദ്യാർഥിനി ശ്രദ്ധാകേന്ദ്രമായി മാറി.
**അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ** വിദ്യാർഥിനിയായ കൃഷ്ണ, പ്ലസ്ടു സയൻസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കി. കഴിഞ്ഞ മാസം 29-ന് ബെംഗളൂരു ബൊമ്മസന്ദ്ര ബിടിഎൽ സ്കൂൾ ഓഫ് നഴ്സിങ് ഹോസ്റ്റലിൽ വെച്ച് സഹോദരൻ ആദിത്യൻ മരണപ്പെട്ടതിന്റെ ആഘാതത്തിനിടയിലാണ് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്.
**എസ്.പ്രദീപിന്റെയും വി.അശ്വതിയുടെയും** മകളാണ് കൃഷ്ണ. ജില്ലയിലെ 175 വിദ്യാലയങ്ങളിലായി 30,585 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഇതിൽ 22,318 പേർ ഉപരിപഠനത്തിന് അർഹത നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് പട്ടം സെന്റ് മേരീസ് എച്ച്എസ്എസിലാണ് (797 പേർ).
വിഎച്ച്എസ്ഇ വിഭാഗം
വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച മുന്നേറ്റമാണ് ജില്ല കാഴ്ചവെച്ചത്. കഴിഞ്ഞ വർഷത്തെ 72.99 ശതമാനത്തിൽ നിന്നും 76.22 ശതമാനമായി വിജയം ഉയർന്നു.
2595 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1991 പേർ വിജയിച്ചു. മൈലം ജിവി രാജ സ്പോർട്സ് സ്കൂൾ, ജഗതി ഗവ.വിച്ച്എസ്എസ് ഫോർ ഡഫ് എന്നീ രണ്ട് വിദ്യാലയങ്ങൾ 100 ശതമാനം വിജയം കൈവരിച്ചു.
ടെക്നിക്കൽ, ഓപ്പൺ വിഭാഗങ്ങൾ
ടെക്നിക്കൽ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പിന്നാക്കം പോയി. കഴിഞ്ഞ വർഷം 88.29 ശതമാനം വിജയം ഉണ്ടായിരുന്നിടത്ത് ഇത്തവണ 68 ശതമാനമായി കുറഞ്ഞു.
ഓപ്പൺ വിഭാഗത്തിൽ 355 പേർ പരീക്ഷ എഴുതിയതിൽ 170 പേർക്ക് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ
ജില്ലയിലെ 4 സ്കൂളുകൾ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ചു.
* കാർമൽ എച്ച്എസ്എസ്, വഴുതക്കാട് (262 കുട്ടികൾ)
* നിർമല ഭവൻ ഇഎം എച്ച്എസ്എസ്, കവടിയാർ (148 കുട്ടികൾ)
* സർവോദയ വിദ്യാലയ എച്ച്എസ്എസ്, നാലാഞ്ചിറ (49 കുട്ടികൾ)
* ജഗതി ഗവ.വിച്ച്എസ്എസ് ഫോർ ഡഫ് (9 കുട്ടികൾ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

