കൊച്ചിയിലെ ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ പ്രതിഷേധം ശക്തമാകുന്നു.
കാറുടമയായ പതിനേഴുകാരന്റെ പിതാവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക, പ്രതിയുടെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ഫോട്ടോ ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ചേരാനല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ സമരം തുടരുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് കുടുംബം.
പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകി അപകടത്തിന് കാരണക്കാരനായ അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ നേരത്തെ പൊലീസ് മോട്ടർ വാഹന നിയമം 199 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കുമെന്ന് ഇന്ന് രാവിലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയും സംഭവത്തിൽ ഇതിനോടകം റിപ്പോർട്ട് തേടിയിട്ടുണ്ട്. മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു പകർത്തിയ പ്രതിയുടെ ചിത്രം ജഡ്ജിക്കൊപ്പം എത്തിയവർ പൊലീസിന്റെ സഹായത്തോടെ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ജഡ്ജി തങ്ങളോട് കയർത്തു സംസാരിച്ചതായും മകൾ ഭദ്ര കീർത്തി വ്യക്തമാക്കി. തട്ടുകട
നടത്തി ജീവിക്കുന്നവരുടെ മക്കളായതുകൊണ്ട് പണവും സ്വാധീനവും ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാമെന്ന് കരുതേണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സമരക്കാരുമായി ചർച്ച നടത്തിയ ഡിസിപി അരുൺ കെ.പവിത്രൻ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ചെങ്കിലും തെളിവുകൾ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
സംഭവത്തിൽ പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും സ്റ്റേഷന് മുന്നിലെത്തിയിട്ടുണ്ട്.

