രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കരുത്തരായ ബംഗാളിനെതിരെ കേരളത്തിന് മികച്ച തുടക്കം. മത്സരത്തിന്റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ബംഗാള്‍.
കേരളത്തിനായി ആദിത്യ സര്‍വാതെ മൂന്ന് വിക്കറ്റും എന്‍ പി ബേസില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മോശം കാലാവസ്ഥയും മഴയും മൂലം മത്സരം മൂന്ന് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്.
ടോസ് നേടിയ കേരള ക്യാപ്റ്റന്‍ വിഷ്ണു വിനോദ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുര്‍ പോളും ചേര്‍ന്ന് ബംഗാളിന് വേഗത്തിലുള്ള തുടക്കം സമ്മാനിച്ചു.
എന്നാല്‍ അഞ്ചാം ഓവറില്‍ തന്നെ കേരളം ആദ്യ ആഹ്ളാദം കണ്ടെത്തി. പത്ത് റണ്‍സ് നേടിയ അഭിമന്യു ഈശ്വരനെ എം ഡി നിധീഷ്, മുഹമ്മദ് അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു.
തുടര്‍ന്നെത്തിയ ആമിര്‍ ഗനിയും അങ്കുര്‍ പോളും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത ആമിര്‍ ഗനിയെ പുറത്താക്കി ബേസിലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
മറുവശത്ത് കരുതലോടെ ബാറ്റ് വീശിയ അങ്കുര്‍ പോള്‍ 64 പന്തുകളില്‍ നിന്ന് തന്റെ അര്‍ധസെഞ്ച്വറി തികച്ചു. സ്പിന്നര്‍ ആദിത്യ സര്‍വാതെയെ വീണ്ടും പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ വിഷ്ണു വിനോദിന്റെ തീരുമാനം കേരളത്തിന് മത്സരത്തില്‍ മേല്‍ക്കൈ നല്കി.
66 റണ്‍സുമായി മികച്ച ഫോണില്‍ കളിക്കുകയായിരുന്ന അങ്കുര്‍ പോളിനെ അഭിഷേക് പി. നായരുടെ കൈകളിലെത്തിച്ച സര്‍വാതെ കേരളത്തിന് വഴിതിരിവായി.
തൊട്ടടുത്ത ഓവറില്‍ സുധീപ് ചാറ്റര്‍ജിയെയും അഭിഷേക് പോറലിനെയും മടക്കി അയച്ച് സര്‍വാതെ ബംഗാളിനെ പ്രതിരോധത്തിലാക്കി. ആറ് റണ്‍സെടുത്ത സുധീപ് ചാറ്റര്‍ജി സച്ചിന് ബേബിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
തൊട്ടടുത്ത പന്തില്‍ അഭിഷേക് പോറലിനെ സ്വന്തം പന്തില്‍ മനോഹരമായൊരു ക്യാച്ചിലൂടെ സര്‍വാതെ വീഴ്ത്തി. അഞ്ച് വിക്കറ്റിന് 108 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന ബംഗാളിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സുധീപ് കുമാര്‍ ഘരാമിയും ഷഹബാസ് അഹമ്മദും ചേര്‍ന്നാണ് കരകയറ്റിയത്.
ഇരുവരും ചേര്‍ന്ന് പിച്ചില്‍ ഉറച്ചുനിന്ന് 62 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 36 റണ്‍സെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പത്തെ ഓവറിലാണ് പുറത്തായത്.
ബേസിലിന്റെ പന്തില്‍ അഭിഷേക് നായര്‍ ക്യാച്ചെടുത്താണ് താരം മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

