സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതിയുടെ വേറിട്ട പ്രതിഷേധം.
തല മുണ്ഡനം ചെയ്താണ് റാങ്ക് ഹോൾഡേഴ്സ് തങ്ങളുടെ അമർഷം രേഖപ്പെടുത്തിയത്. തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ വെച്ച് സമരസമിതി കൺവീനർ വളർമതിയാണ് തല മുണ്ഡനം ചെയ്തത്.
ഇതിനുപുറമെ ശക്തമായ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത് എന്ന് സമരക്കാർ കുറ്റപ്പെടുത്തി.
സാമ്പത്തിക ബാധ്യതയുടെ പേരാണ് ഇതിനായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇന്നത്തെ മുഖ്യമന്ത്രി മുൻപ് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഈ വിഷയത്തിൽ വാചാലനായിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രി പദവിയിലെത്തിയപ്പോൾ തങ്ങളെ പരിഗണിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ലെന്നും വളർമതി വ്യക്തമാക്കി.
മാന്യമായ നീതി ലഭിക്കുന്നത് വരെ മരണംവരെ നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളെ ദിവസങ്ങളോളം ഓരോ കാരണങ്ങൾ പറഞ്ഞ് കളിപ്പിക്കുകയായിരുന്നു അധികാരികളുടെ അജണ്ടയെന്നും അവർ ആരോപിച്ചു.

