കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിർണായക വഴിതിരിവ്. കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് കുരുക്കിലാക്കുന്ന സഹയാത്രികൻ ജോയൽ സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
അപകടദിവസം രാവിലെ 9:25-ന് അയച്ച ഈ ഓഡിയോ സന്ദേശത്തിൽ കാർ അമിതവേഗതയിലായിരുന്നുവെന്നും യാത്രക്കാർ മദ്യപിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം ജില്ലാ കോടതി ഹർജിയിൽ മറ്റന്നാൾ വിധി പറയും.
ഒരു മിനിറ്റും 43 സെക്കൻഡും നീളുന്ന ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെ: “രാത്രി ഒരുമിച്ച് ബാറിൽ കയറി മദ്യപിച്ചു. സുഹൈൽ സജീവ് നേരത്തെ മദ്യപിച്ചതിന് പുറത്താണ് വീണ്ടും മദ്യപിച്ചത്.
ഞാനും ബീർ കുടിച്ചു. ശേഷം കാറിൽ അമിത വേഗത്തിൽ പോയി.
കാർ ഒരു സ്കൂട്ടറിലിടിച്ചു. മൂന്ന് പേരും സ്പോട്ടിൽ തന്നെ മരിച്ചു.
നീയാണ് എന്നോടും അമീനോടും രക്ഷപ്പെട്ടോളാൻ പറഞ്ഞത്. അപകടവും മരണവും കണ്ടതിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല.” അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷയിലെ വാദത്തിനിടെ പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകനുമാണ് ഈ ശബ്ദസന്ദേശം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സുഹൈൽ സജീവ്ന്റെ രക്ത-മൂത്ര പരിശോധനാ ഫലങ്ങളിൽ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനാ ഫലങ്ങളും കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ പരിശോധനയുടെ വിശദാംശങ്ങളും വരാനിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. എന്നാൽ, പ്രതികൾ 14 ദിവസത്തിലധികമായി റിമാൻഡിലാണെന്നും പൊലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
19 വയസ്സുള്ള യുവാക്കളെ ഇനിയും കസ്റ്റഡിയിൽ തുടരാൻ അനുവദിക്കരുതെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷമാണ് കോടതി ജാമ്യാപേക്ഷ വിധി പറയാൻ ബുധനാഴ്ചത്തേക്ക് മാറ്റിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

